കോവിഡ് ആശങ്കയ്ക്കിടെ അയോധ്യയില്‍ 10ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ രാമ നവമി; മേള മാറ്റില്ലെന്ന് ജില്ലാ ഭരണകൂടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2020 06:05 PM  |  

Last Updated: 17th March 2020 06:05 PM  |   A+A-   |  

 

അയോധ്യ: രാജ്യത്താകെ കോവിഡ് 19 വൈറസ് ബാധ ജാഗ്രതയിലിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പത്തു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ രാമ നവമി സംഘടിപ്പിക്കുന്നു. വലിയ ആള്‍ക്കൂട്ടം ചേരുമ്പോഴുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക അറിയിച്ചിട്ടും പരിപാടി മാറ്റിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. ഏപ്രില്‍ രണ്ടിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 

കോവിഡ് 19നെ പ്രതിരോധിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രാപ്തരാണ് എന്ന് ജില്ലാ കലക്ടര്‍ അനുജ് കുമാര്‍ ഝ പറഞ്ഞു. വൈറസ് പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് 50,000പോസ്റ്ററുകള്‍ പതിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവയ്ക്കണമെന്ന് അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഘനശ്യാം സിങ് ആവശ്യപ്പെട്ടിരുന്നു. 

ഷോപ്പിങ് മാളുകളും സിനിമാ തീയേറ്ററുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും സ്‌കൂളുകളും എല്ലാം അടച്ചുകഴിഞ്ഞു. ചടങ്ങിനെത്തുന്ന ഭക്തര്‍ മാസ്‌ക് ധരിച്ചാണോ എത്തുന്നത് എന്ന് കണ്ടെത്തുന്നത് പ്രയാസകരമാണ്.' കോവിഡ് നിയന്ത്രണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസര്‍ ഡോ. വികാസേന്ദു അഗര്‍വാള്‍ പറഞ്ഞു. 

എന്നാല്‍ വിശ്വാസികളെ തടയാന്‍ സാധിക്കില്ലെന്ന നിലപാടാണ് അയോധ്യ എംഎല്‍എ വേദ് ഗുപ്തയും സ്വീകരിച്ചിരിക്കുന്നത്. ചടങ്ങിന് എത്തുന്നവരോട് മാസ്‌കുകള്‍ ധരിക്കാനും അകലം പാലിക്കാനും ആവശ്യപ്പെടുമെന്ന് എംഎല്‍എ പറഞ്ഞു.