'എങ്കില്‍ ഞങ്ങള്‍ കോടതി അടച്ചിടും' ;രോഷാകുലനായി ചീഫ് ജസ്റ്റിസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 18th March 2020 12:05 PM  |  

Last Updated: 18th March 2020 12:05 PM  |   A+A-   |  

 

ന്യൂഡല്‍ഹി : സുപ്രീംകോടതി വളപ്പില്‍ ആളുകൾ കൂട്ടംകുടി നില്‍ക്കുന്നതില്‍ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കോവിഡിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ലംഘിച്ച് കോടതി ഇടനാഴികളില്‍ അഭിഭാഷകര്‍ കൂട്ടം കൂടി നില്‍ക്കുന്നതാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. 

ഓരോരുത്തരോടും നിങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടോ എന്ന് ചോദിക്കാനാവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍, ഞങ്ങള്‍ കോടതി അടച്ചിടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് കോടതികള്‍ പരിഗണിക്കുക. കേസില്‍ നിര്‍ബന്ധമായും ഹാജരാകേണ്ട അഭിഭാഷകര്‍ മാത്രം കോടതി മുറിയില്‍ കയറിയാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.