വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കോവിഡ് ; 255 പേര്‍ ഇറാനില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 18th March 2020 03:12 PM  |  

Last Updated: 18th March 2020 03:12 PM  |   A+A-   |  

 

ന്യൂഡല്‍ഹി : വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രവിദേശകാര്യമന്ത്രാലയം ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ ഏഴു രാജ്യങ്ങളിലായാണ് കോവിഡ് ബാധിതരായ ഇന്ത്യാക്കാരുള്ളത്. 

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരായ ഇന്ത്യാക്കാര്‍ ഉള്ളത് ഇറാനിലാണ്. 255 പേരാണ് ഇറാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച് കഴിയുന്നത്. ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയ ഷിയാവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിലുള്ള 12 ഇന്ത്യാക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇറ്റലിയിലുള്ള അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോരുത്തരും വീതം കോവിഡ് ബാധ സ്ഥിരികരിച്ചവരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.