10 വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 19th March 2020 05:41 PM  |  

Last Updated: 19th March 2020 06:09 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. 

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. വിദേശത്തുനിന്നുള്ള എല്ലാ സര്‍വീസുകളും മാര്‍്ച്ച് 22 മുതല്‍ 29 വരെ റദ്ദാക്കിയിരിക്കുന്നത്. യാത്രാവിമാനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തില്‍ മാറ്റം വരുത്തി.ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര്‍ എല്ലാദിവസവും ഓഫീസില്‍ എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതൊടൊപ്പമാണ് കേന്ദ്രസര്‍ക്കാരും കടുത്ത നടപടികളിലേക്ക് കടന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബ് സ്വദേശിയായ എഴുപത് കാരനാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്.രാജ്യത്ത് 169 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പുതുതായി 18 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത്. 47പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.