അതിര്‍ത്തികള്‍ അടയ്ക്കുന്നു; കര്‍ശന നിരീക്ഷണവുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വാഗാ അതിര്‍ത്തി അടയ്ക്കുമെന്ന് നേരത്തെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച മുതല്‍ വിദേശ യാത്രാവിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് വിലക്കും. ഒരാഴ്ചത്തേക്കാണ് വിലക്ക്. 

അതോടൊപ്പം രാജ്യത്ത് പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തില്‍ മാറ്റം വരുത്തി.ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര്‍ എല്ലാദിവസവും ഓഫീസില്‍ എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതൊടൊപ്പമാണ് കേന്ദ്രസര്‍ക്കാരും കടുത്ത നടപടികളിലേക്ക് കടന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബ് സ്വദേശിയായ എഴുപത് കാരനാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്.രാജ്യത്ത് 169 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പുതുതായി 18 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത്. 47പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com