ഇറ്റലിയില്‍ നിന്നും അച്ഛനും അമ്മയും മകളുമെത്തി, കോവിഡ് ; വീടിന് സമീപം കര്‍ഫ്യൂ, ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 19th March 2020 08:59 AM  |  

Last Updated: 19th March 2020 08:59 AM  |   A+A-   |  

ഫയല്‍ ചിത്രം

 

ജയ്പുര്‍ : ഇറ്റലിയില്‍നിന്നു മടങ്ങിയെത്തിയ ദമ്പതികള്‍ക്കും രണ്ടു വയസ്സുള്ള മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ബുധനാഴ്ചയാണ് ഇവരുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോത്തുടര്‍ന്ന് ജുന്‍ജുനു മേഖലയിലുള്ള ദമ്പതികളുടെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

പ്രതിരോധ നടപടികളുടെ ഭാഗമായി, സംസ്ഥാനത്ത് സെക്ഷന്‍ 144 പ്രയോഗിച്ച് കൂട്ടംകൂടുന്നത് തടയാനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് എട്ടിനാണ് ഇവര്‍ ഇറ്റലിയില്‍നിന്നു തിരിച്ചെത്തിയത്. തുടര്‍ന്നു ജയ്പുരിലേക്ക് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിക്കുകയാണെന്നും ദമ്പതികളെയും മകളെയും ചികിത്സയ്ക്കായി ജയ്പുരിലെത്തിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ പറഞ്ഞു. 

കോവിഡ് പടരുന്നതു തടയാന്‍ അവശ്യമായ നിരോധന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും നിര്‍ദേശിച്ചു. മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിലെ പ്രവേശന നടപടികളെല്ലാം നിര്‍ത്തിവയ്ക്കും. കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദേശം ആരാധനാലയങ്ങളിലും പൊതു ഇടങ്ങളിലും ഉച്ചഭാഷിണിയിലൂടെ അറിയിക്കും. സര്‍ക്കാര്‍ ലൈബ്രറികള്‍ അടച്ചിടും.

അജ്മീര്‍, ക്വാട്ട ഭരത്പുര്‍, ജുന്‍ജുനു എന്നിവിടങ്ങളില്‍ സ്രവ പരിശോധനയ്ക്ക് സൗകര്യമൊരുക്കും. രാജ്യത്തിനു പുറത്തു താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിദേശത്തു നിന്ന് വ്യോമമാര്‍ഗം സംസ്ഥാനത്തെത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള സംവിധാനം സമീപത്തെ മൂന്ന് ഹോട്ടലുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.