കമല്‍നാഥ് സര്‍ക്കാര്‍ വീഴുമോ? മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി.
കമല്‍നാഥ് സര്‍ക്കാര്‍ വീഴുമോ? മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കകം വോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. വോട്ടെടുപ്പ് നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് വ്യാപനം പരിഗണിച്ച് നിയമസഭ സമ്മേളനം 26ലേക്ക് മാറ്റിയിരുന്നു. 

വിമത എംഎല്‍എമാര്‍ക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കാന്‍ സുപ്രീംകോടതി കര്‍ണാടക ഡിജിപിക്ക് നിര്‍ദേശം നല്‍കി. 

വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തണം എന്നാവശ്യപ്പെട്ട് ബിജെപിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ച കൂടി സമയം അനുവദിക്കണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തള്ളി. ഇനിയും സമയം അനുവദിക്കുന്നത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്നും അത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു കോടതി നിലപാട്. 

വിശ്വാസ വോട്ടെടുപ്പ് സമാധാനപരമായി നടത്തണം. പരസ്യ വോട്ടെടുപ്പാണ് നടത്തേണ്ടത്. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കണം. സഭാ നടപടികള്‍ തത്സമയം ടെലിക്കാസ്റ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. 

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണക്കുന്ന 22 എംഎല്‍എമാരാണ് രാജിവച്ചത്. ഇതില്‍ 16 എംഎല്‍എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ആറുപേരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചു. വിമതര്‍ ഉള്‍പ്പെടെ 108എംഎല്‍എമാരാണ് കോണ്‍ഗ്രസിലുള്ളത്. ബിജെപിക്ക് 107 സീറ്റുണ്ട്. 222 അംഗം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com