യുട്യൂബ് നോക്കി ഏഴുമാസം ഗര്‍ഭിണിയായ കാമുകിക്ക് ഗര്‍ഭഛിദ്രം; യുവതി ഗുരുതരാവസ്ഥയില്‍; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2020 09:49 PM  |  

Last Updated: 19th March 2020 09:49 PM  |   A+A-   |  

 

ചെന്നൈ: യുട്യൂബ് വിഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന എസ് സൗന്ദര്‍ ആണ് അറസ്റ്റിലായത്. ഇരുപത്തിയേഴുകാരനായ യുവാവ് ഗുമ്മിഡിപ്പൂണ്ടി കമ്മാര്‍പാളയം സ്വദേശിയാണ്. ഗര്‍ഭഛിദ്രത്തിനു വിധേയയായ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സൗന്ദറും യുവതിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അതിനിടെ, യുവതി ഗര്‍ഭിണിയായി. ഇതു വിവാഹത്തിനു തടസ്സമാകുമെന്നു പറഞ്ഞാണ് സൗന്ദര്‍ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചത്.

ആശുപത്രിയിലോ ക്ലിനിക്കിലോ പോയാല്‍ പുറത്തറിയുമെന്നതിനാല്‍ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിലെത്തിച്ചാണു ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്. യുട്യൂബ് ചാനലിലെ വിഡിയോ നോക്കിയാണു ഇതു ചെയ്തതെന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞു. ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഗര്‍ഭസ്ഥ ശിശുവിന്റെ കൈ ഒടിഞ്ഞു. ഇതോടെ, രക്തസ്രാവം തുടങ്ങി.

ഭയന്നുപോയ സൗന്ദര്‍ ബൈക്കില്‍ യുവതിയെ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെനിന്നു റോയപുരത്തെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൗന്ദറിനെതിരെ പൊലീസ് കൊലപാതകക്കേസെടുത്തു. സൗന്ദറിന്റെയും യുവതിയുടെയും മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.