യൂറോപ്പിന് ശേഷം ഹോട്‌സ്‌പോട്ട് ഇന്ത്യ?, ഏപ്രില്‍ പകുതിയോടെ കോവിഡ് ബാധിതർ പത്തിരട്ടിയാകും; മുന്നറിയിപ്പുമായി വിദ​ഗ്ധർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2020 09:07 AM  |  

Last Updated: 19th March 2020 09:07 AM  |   A+A-   |  

coronaa

 

ന്യൂഡൽഹി: ചൈനക്കും യൂറോപ്പിനും പിന്നാലെ കോറോണ വൈറസ് വ്യാപിക്കാന്‍ സാധ്യത കൂടുതൽ ഇന്ത്യയിലെന്ന് വിദ​ഗ്ധർ. ഏപ്രില്‍ 15ഓടു കൂടി രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജി  മുന്‍ തലവന്‍ ഡോ ടി ജേക്കബ് പറഞ്ഞു. 

കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം നിലവിൽ കുറവായതുകൊണ്ടുതന്നെ ഇതൊരു വലിയ ദുരന്തമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. എന്നാൽ ഇന്ത്യയിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് വ്യാപനമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കുമെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. 

ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത പരിശോധിച്ചാൽ ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണുള്ളത്. ചൈനയിൽ ഇത് 148 ആയിരുന്നു. ജനസാന്ദ്രത കുറഞ്ഞ യൂറോപ്പില്‍ പോലും രോഗവ്യാപനം നിയന്ത്രിക്കാനായില്ലെന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോ​ഗം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചത്. എന്നാൽ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കിൽ ഇത് മൂന്നാം ഘട്ടത്തിലേക്ക് പോകുകയും വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും. 

ലോകത്ത് തന്നെ ആരോഗ്യരംഗത്ത് ഏറ്റവും കുറവ് പണം ചിലവാക്കുന്ന രാജ്യമാണ് ഇന്ത്യ എന്നിരിക്കെ ഇത്രയും വലിയ മഹാമാരി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആഷങ്കയുണ്ടെന്ന് പകര്‍ച്ച വ്യാധി വിദഗ്ധനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. ഇന്ത്യയില്‍ പരിശോധന എന്നത് അതീവ ദുഷ്‌കരമാകുമെന്നാണ് അദ്ദേഹം പറയുന്നത്. 

നിലവിൽ 151 പേർക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധ നിയന്ത്രിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.