യെസ്ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി; അനില്‍ അംബാനിയെ ചോദ്യം ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2020 10:53 AM  |  

Last Updated: 19th March 2020 10:53 AM  |   A+A-   |  

 

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായി. യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കളളപ്പണ വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനില്‍ അംബാനിയോട് ആവശ്യപ്പെട്ടത്. 

കേസില്‍ എത്രയും പെട്ടെന്ന് ഹാജരാകാന്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അനില്‍ അംബാനിയോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ നിന്ന് സാവകാശം തേടി. ഇത് അംഗീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

യെസ് ബാങ്ക് അനുവദിച്ച വായ്പകളുമായി ബന്ധപ്പെട്ടാണ് അനില്‍ അംബാനിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാസം 50000 രൂപ എന്ന നിലയിലാണ് പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് പരിധി നിശ്ചയിച്ചത്.