രാജ്യസഭാംഗമായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് ; നാമനിര്‍ദ്ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

മനുഷ്യാവകാശ സംഘടനയായ മാനുഷിയുടെ സ്ഥാപക മധു കിഷ്വാറാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്
രാജ്യസഭാംഗമായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് ; നാമനിര്‍ദ്ദേശത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 നാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി.

ഗോഗോയിയെ ചൊവ്വാഴ്ചയാണ് രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്. അയോധ്യ, റഫാല്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം എന്നിവ അടക്കമുള്ള സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ചത് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു.കഴിഞ്ഞവര്‍ഷം നവംബറിലാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത്. 

അതിനിടെ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്ത നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മനുഷ്യാവകാശ സംഘടനയായ മാനുഷിയുടെ സ്ഥാപക മധു കിഷ്വാറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയെയും ബാധിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി നടത്തിയത് ഒരു രാഷ്ട്രീയ നിയമനമാണ്. ഗോഗോയ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് പുറപ്പെടുവിച്ച വിധികള്‍ക്കുമേല്‍ സംശയത്തിന്റെ നിഴല്‍വീഴ്ത്താന്‍ ഇടയാക്കുന്നതാണ് നിയമനം.

ജുഡീഷ്യറിയുടെ ശക്തിയെന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത് ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പാക്കാനാണെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com