അവള്‍ സഹിച്ച വേദനയ്ക്കും ആ അമ്മയുടെ കണ്ണീരിനും വേണ്ടി...; രാജ്യത്തെ പിടിച്ചു കുലുക്കിയ നിര്‍ഭയ കേസിന്റെ നാള്‍വഴികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2020 05:40 AM  |  

Last Updated: 20th March 2020 05:40 AM  |   A+A-   |  

 


ന്നോട് കൊടും ക്രൂരത ചെയ്തവരെ വെറുതെ വിടരുതെന്നായിരുന്നു അവളുടെ മരണക്കിടക്കയിലെ അവസാന വാക്കുകള്‍... ആ വാക്ക് നിറവേറി കിട്ടാനായി അമ്മ അലഞ്ഞത് ഏഴ് വര്‍ഷങ്ങള്‍...രാജ്യത്തെ നടുക്കിയ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായ ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പെണ്‍കുട്ടിക്ക് ഒടുവില്‍ നീതി ലഭിക്കുകയാണ്, നാല് കാപാലികരെ തൂക്കിലേറ്റുന്നതിനിലൂടെ... രാജ്യം കാത്തിരുന്ന നീതി നടപ്പാക്കലിന്റെ നാള്‍വഴികളിലൂടെ... 

2012 ഡിസംബര്‍ 16, രാത്രി 9 മണി: ഡല്‍ഹി വസന്ത് വിഹാര്‍

താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസ് കാത്തിരിക്കുകയായിരുന്നു ഫിസിയോതെറപ്പി വിദ്യാര്‍ഥിനി. പതിവ് ബസാണെന്ന് കരുതി അവളും കൂട്ടുകാരനും 'ചെകുത്താന്‍മാരുടെ'  വാഹനത്തിലേക്ക് കയറി.

ബസിലുണ്ടായിരുന്ന ആറു പേര്‍ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്‌ക്കൊടുവില്‍ ജീവച്ഛവമായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പൂരിലെ ഫ്‌ലൈ ഓവറിനു സമീപം ബസില്‍ നിന്നു പുറത്തേക്കെറിഞ്ഞു.

ഡിസംബര്‍ 17

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളില്‍ നാലുപേരെ തിരിച്ചറിഞ്ഞു. ക്രൂരമായ പീഡനത്തില്‍ പെണ്‍കുട്ടിയുടെ വന്‍കുടല്‍, ഗര്‍ഭപാത്രം എന്നിവയ്ക്കു ഗുരുതര പരിക്കെന്നു ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. 

പെണ്‍കുട്ടി ജീവന് വേണ്ടി സഫ്ദര്‍ ജങ് ആശുപത്രിയില്‍ മരണത്തോട് മല്ലിടുമ്പോള്‍ പുറത്ത് രാജ്യം പ്രതിഷേധ തീയില്‍ എരിഞ്ഞു. മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത വിധം രാജ്യതലസ്ഥാനം പ്രതിഷേധ പ്രകടനങ്ങള്‍ സാക്ഷിയായി. 

നിര്‍ഭയ സമരത്തില്‍ നിന്ന്‌
 

ഡിസംബര്‍ 27

വിദഗ്ധ ചികിത്സയ്ക്ക് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ബലാത്സംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉഷ മെഹ്‌റ കമ്മീഷനെ നിയമിച്ചു. ഇതിനിടെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. 

പ്രതികള്‍ ആരൊക്കെ? 

രാം സിങ്, മുകേഷ് സിങ് ( രാം സിങിന്റെ സഹോദരന്‍), പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പ്രായപൂര്‍ത്തിയാകാത്തയാള്‍ ( കുറ്റം ചെയ്യുമ്പോള്‍ ഇയാള്‍ക്ക് പ്രായം 17 വയസ്സും ആറുമാസവും.) 

ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ ഡിസംബര്‍ 18നും സുഹൃത്ത് അക്ഷയ് ഠാക്കൂറും 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത മറ്റൊരു പ്രതിയും സംഭവം നടന്ന് 4 ദിവസത്തിനകവും അറസ്റ്റിലായി.

ഡിസംബര്‍ 29, പുലര്‍ച്ചെ 2.15: 

വേദനകളോട് പടവെട്ട് അവള്‍ സിംഗപ്പൂരിലെ മൗണ്ട് എലിസമ്പത്ത് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. 

2013 മാര്‍ച്ച് 11

ജുഡീഷ്യല്‍ കസ്റ്റിയില്‍ ഇരിക്കെ മുഖ്യപ്രതി രാം സിങ് ജയിയില്‍ തൂങ്ങിമരിച്ചു. 

ആഗസ്റ്റ് 31

കൂട്ടബലാത്സംഗം നടത്തിയ 6 പേരില്‍ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്ന പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റക്കാരനാണെന്ന് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. പ്രത്യേക തിരുത്തല്‍ കേന്ദ്രത്തില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ഇയാളെ 2015 ഡിസംബറില്‍ ഒരു എന്‍ജിയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇപ്പോള്‍ ഇയാള്‍ എവിടെയെന്നത് ആര്‍ക്കുമറിയില്ല. 

സെപ്റ്റംബര്‍ 13

നാല് പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതിയുടെ വിധി.  വധശിക്ഷ 2014 മാര്‍ച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 2017 മേയ് 5ന് വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. 2019 ഡിസംബര്‍ 18ന് പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.


വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍

പ്രതികളെ തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി ജനുവരി 22 ഫെബ്രുവരി 1, മാര്‍ച്ച് 3 തീയതികളില്‍ മരണ വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ വിവിധ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതിനാല്‍ മാറ്റേണ്ടിവന്നു. 

വധശിക്ഷയില്‍ നിന്ന രക്ഷപ്പെടാന്‍ പ്രതികള്‍ ഓരോരുത്തരായാണ് കോടതികളെ സമീപിച്ചുകൊണ്ടിരുന്നത്.  അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വരെ പ്രതികളെത്തി. മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. തൂക്കിലേറ്റുന്ന അക്ഷയ് സിങിന്റെ ഭാര്യയായി തുടരാന്‍ താത്പര്യമില്ലെന്ന് കാണിച്ച് ഭാര്യ കുടുംബ കോടതിയില്‍ വിവാച മോചനത്തിന് ഹര്‍ജി നല്‍കി. 

അവസാനത്തെ പ്രതിയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതോടെ മാര്‍ച്ച് 5ന് അന്തിമ മരണ വാറന്റ്. വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കണം. ദയാഹര്‍ജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമായിരുന്നു ഈ തീയതി.

20202 മാര്‍ച്ച് 20 പുലര്‍ച്ചെ 5.30 

ഏഴുവര്‍ഷത്തിലേറെ നിയമപോരാട്ടത്തിന് അന്ത്യം കുറിച്ച് ഇന്ത്യ കണ്ട ഏറ്റവും പൈശാചികമായ കൊലപാതകത്തിന്റെ പ്രതികള്‍ തൂക്കുകയറിലേക്ക്....