കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു; ബിജെപി നേതാവ് വസുന്ധര രാജെ ക്വാറന്റൈനില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2020 04:26 PM  |  

Last Updated: 20th March 2020 04:28 PM  |   A+A-   |  

vasundhara

 

ലക്‌നൗ: കോവിഡ് സ്ഥിരീകരിച്ച ഹിന്ദി ഗായിക കനിക കപൂറിനൊപ്പം വിരുന്നില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെ ക്വാറന്റൈനില്‍. വസുന്ധര രാജെയും മകന്‍ ദുഷ്യന്തും കനികയ്‌ക്കൊപ്പം വിരുന്നിലുണ്ടായിരുന്നു. കനിക കോവിഡ് പോസിറ്റിവ് ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായി വസുന്ധര രാജെ അറിയിച്ചു. 

ഹിന്ദിയിലെ ബേബി ഡോള്‍ ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക കനിക കപൂറിന് ഇന്നാണ് കൊറോണ സ്ഥിരീകരിച്ചത്. ലക്‌നൗലെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ഗായിക, ലണ്ടനിലെ താമസത്തിനു ശേഷം മാര്‍ച്ച് 15 നാണ് 41കാരിയായ കനിക തിരികെ എത്തിയത്. തന്റെ യാത്രയെക്കുറിച്ച് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്‌നൗവില്‍ തിരിച്ചെത്തിയതിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര പാര്‍ട്ടിയും ഒരുക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

ലക്‌നൗവിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കനിക താമസിച്ചിരുന്നത്. നിരവധി പേര്‍ ഇവരുമായി ബന്ധപ്പെട്ടതിനാല്‍ എന്തു ചെയ്യണം എന്നറിയാത്ത ആശങ്കയിലാണ് അധികൃതര്‍. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ എല്ലാവരേയും ക്വറന്റീന്‍ ചെയ്യണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്.