രോഗികളുടെ വര്‍ധന നേരിടാന്‍ ഒരുങ്ങണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം ; ഡോക്ടര്‍മാരുടെ അവധി റദ്ദാക്കണം, വെന്റിലേറ്റര്‍ സൗകര്യം കൂട്ടണം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 20th March 2020 04:53 PM  |  

Last Updated: 20th March 2020 04:53 PM  |   A+A-   |  


ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ വന്‍വര്‍ധന നേരിടാന്‍ ഒരുങ്ങണമെന്ന് ആശുപത്രികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കണം. വെന്റിലേറ്റര്‍, ഓക്‌സിജന്‍, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. 

കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാളുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. പലചരക്ക്, പച്ചക്കറി, മരുന്നുകടകള്‍ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഡൽഹിയിൽ 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തേക്കുള്ള എല്ലാ വിനോദസഞ്ചാരികളെയും നിരോധിച്ചു. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ക്കെല്ലാം വിലക്ക് ബാധകമാണ്. 65 വയസ്സിന് മുകളിലും 10 വയസ്സിന് താഴെയും പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മുകശ്മീരിലെ ലഡാക്കില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10 ആയി ഉയര്‍ന്നു. ഇതോടെ ലേ, കാര്‍ഗില്‍ മേഖലകള്‍  അടയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.