കോവിഡ് 19: പൊതുസ്ഥലത്ത് തുപ്പി; ആയിരം രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2020 11:37 AM  |  

Last Updated: 20th March 2020 11:37 AM  |   A+A-   |  

 

നാസിക്: പൊതുസ്ഥലങ്ങളില്‍ തുപ്പിയതിന് മൂന്ന് പേരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കി നാസിക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്ന് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. 

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കണ്ടത്. ഇവരില്‍ നിന്ന് ആയിരം രൂപ വീതം പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ആയിരം രൂപ ഈടാക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. 

ഇതുകൂടാതെ നഗരത്തിലെ ബോക്‌സ് ക്രിക്കറ്റ് വേദികള്‍  അടച്ചിടാനും നഗരസഭ തീരുമാനിച്ചു. ഇത് ലംഘിക്കുന്നവരില്‍ നിന്ന് 5000 രൂപ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം വാഹനമോടിച്ചുപോകവെ പൊതുസ്ഥലത്ത് തുമ്മിയതിന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് കോലാപൂര്‍ നഗരത്തിനടുത്ത് ഗുജാരിയിലായിരുന്നു സംഭവം. ബൈക്കില്‍ പോകുന്ന വ്യക്തി തൂവാല ഉപയോഗിച്ച് മുഖം മറക്കാതെ തുമ്മിയെന്ന് പറഞ്ഞ് മറ്റൊരു ബൈക്കിലെത്തിയവര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് എത്തിയ ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ 52പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇത് ആളുകളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.