ജനങ്ങളോട് അകലം പാലിക്കാന്‍ മോദി പറയുന്നു;  എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നിര്‍ത്താത്തത് എന്തെന്ന് ശിവസേന  

രാഷ്ട്രീയ കാരണങ്ങളാലാണ് പാര്‍ലമെന്റ് നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ശിവസേന
ജനങ്ങളോട് അകലം പാലിക്കാന്‍ മോദി പറയുന്നു;  എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നിര്‍ത്താത്തത് എന്തെന്ന് ശിവസേന  

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ജനങ്ങളോട് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനം നിര്‍ത്താത്തത് എന്തെന്ന് ശിവസേന. രാഷ്ട്രീയ കാരണങ്ങളാലാണ് പാര്‍ലമെന്റ് നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം.

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് പൊതുജനങ്ങള്‍ സംയമനവും ദൃഢനിശ്ചയവും പാലിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കണമെന്നും മോദി പറഞ്ഞു. വരും ദിവസങ്ങളില്‍ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും മോദി പറഞ്ഞു. 

ആയിരക്കണക്കിന് എം.പിമാരും ഉദ്യോഗസ്ഥരും നേതാക്കളുമാണ് ദിവസേന പാര്‍ലമെന്റില്‍ എത്തുന്നത്. ഒരു വശത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുക, എന്നാല്‍ മറുവശത്ത് പാര്‍ലമെന്റ് സമ്മേളനം നിലനിര്‍ത്തുന്നതില്‍ ഉറച്ചുനില്‍ക്കുക ഇത് മഹത്തായ ജനാധിപത്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായല്ലെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. 

കോവിഡ് പശ്ചാത്തലത്തിലും പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി മാത്രമാണ് പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ കേന്ദ്രം നടത്തുന്നത്.  ഡല്‍ഹിയില്‍ എന്ത് അടിയന്തര സാഹചര്യം വന്നാലും നിലവില്‍ പാര്‍ലമെന്റ് നടത്തിക്കൊണ്ടുപോകേണ്ടത് ബിജെപിയുടെ രാഷ്ട്രീയ അത്യാവശ്യമാണെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com