'പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതം; ശിക്ഷ നടപ്പാക്കുമ്പോള്‍ മകളുടെ ചിത്രം ചേര്‍ത്തു പിടിച്ചു; ഈ അനുഭവം ഇനിയാര്‍ക്കുമുണ്ടാകരുത്'

'പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതം; ശിക്ഷ നടപ്പാക്കുമ്പോള്‍ മകളുടെ ചിത്രം ചേര്‍ത്തു പിടിച്ചു; ഈ അനുഭവം ഇനിയാര്‍ക്കുമുണ്ടാകരുത്'
'പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതം; ശിക്ഷ നടപ്പാക്കുമ്പോള്‍ മകളുടെ ചിത്രം ചേര്‍ത്തു പിടിച്ചു; ഈ അനുഭവം ഇനിയാര്‍ക്കുമുണ്ടാകരുത്'

ന്യൂഡല്‍ഹി: ഏഴ് വര്‍ഷമായി നടത്തുന്ന പോരാട്ടം ഫലം കണ്ടതായി നിര്‍ഭയയുടെ അമ്മ ആശ ദേവി. മകളുടെ ഘാതകരായ പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവര്‍. 

'രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതി പീഠത്തിനും നന്ദി. ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്. പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതമാണിത്. ഈ ദിനം വനിതകളുടേത് കൂടിയാണ്. ഏറെ കാത്തിരുന്ന ശേഷം ഒടുവില്‍ നീതി ലഭിച്ചു. ഏഴ് വര്‍ഷമായി നടത്തുന്ന പോരാട്ടം ഫലം കണ്ടു'- ആശ ദേവി പറഞ്ഞു.

'വധ ശിക്ഷ നടപ്പാക്കുമ്പോള്‍ മകളുടെ ചിത്രം ചേര്‍ത്തു പിടിച്ച് നിനക്കിന്ന് നീതി ലഭിച്ചുവെന്ന് പറഞ്ഞു. നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഇനിയും പോരാട്ടം തുടരും'- ആശ ദേവി വ്യക്തമാക്കി. 

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ പുലര്‍ച്ചെ കൃത്യം 5.30ന് തന്നെ തൂക്കിലേറ്റി. ആരാച്ചാര്‍ പവന്‍ കുമാറാണ് ഇവരെ തൂക്കിലേറ്റിയത്.

വധ ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സംഭവം നടന്ന ദിവസം ഡല്‍ഹിയില്‍ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പുതിയ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും താനല്ല നല്‍കിയതെന്ന വാദവും കോടതി തള്ളി. 

നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതിനാല്‍ പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് മൂന്ന് എന്നീ തീയതികളില്‍ വധ ശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കി. തുടര്‍ന്നാണ് മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ 20നു രാവിലെ 5.30നു തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.

2012 ഡിസംബര്‍ 16ന് രാത്രി ഒന്‍പത് മണിക്കായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കെ പതിവ് ബസാണെന്ന് കരുതി സുഹൃത്തിനൊടൊപ്പം കയറിയ വണ്ടിയില്‍ വെച്ചാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. 40 മിനിറ്റ് നീണ്ട പൈശാചികതയ്‌ക്കൊടുവില്‍ ജീവച്ഛവമായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പൂരിലെ ഫ്‌ലൈ ഓവറിന് സമീപം ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് വന്‍കുടല്‍, ഗര്‍ഭപാത്രം എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com