മകനെ ഒന്നു കാണണമെന്ന് അക്ഷയ് താക്കൂര്‍; ജയില്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് മറുപടി; പ്രതികളുടെ അവസാന മണിക്കൂറുകള്‍ ഇങ്ങനെ

3.30നാണ് നാല് പേരെയും എഴുന്നേല്‍പ്പിച്ചത്. തുടർന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
ചിത്രം പിടിഐ
ചിത്രം പിടിഐ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലുപ്രതികളും അവസാന രാത്രിയില്‍ അസ്വസ്ഥരായിരുന്നുവെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍. പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റുമെന്നതിനാല്‍ പ്രതികളോട് നേരത്തെ ഉറങ്ങാനും ആവശ്യത്തിന് വിശ്രമിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. 

മുകേഷ് സിങും വിനയ് ശര്‍മയും രാത്രിയില്‍ ഭക്ഷണം കഴിച്ചപ്പോള്‍ അന്ത്യഅത്താഴം കഴിക്കാന്‍ പവന്‍ ഗുപ്തയും അക്ഷയ് താക്കൂറും തയ്യാറിയല്ല. കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പല ജയില്‍ ജീവനക്കാരോടം കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. അവസാനമായി മകനെ ഒരുനോക്ക് കാണണമെന്നായിരുന്നു അക്ഷയ് താക്കൂര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജയില്‍ മാന്വല്‍ അനുവദിക്കാത്തതിനാല്‍ അത് നടന്നില്ല. ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് നാലുപേരെയും ഉണര്‍ത്തി. കുളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നാലുപേരും നിരസിച്ചു. 4.45 ഓടെ പ്രതികളുടെ ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ജയിലിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് 10 മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി അനുവദിക്കുയും ചെയ്തു.

5 മണിക്കാണ് കുറ്റവാളികളെ സെല്ലില്‍ നിന്നും പുറത്തേക്ക് ഇറക്കിയത്. പ്രതികളില്‍ രണ്ടുപേര്‍ കരഞ്ഞു. പുലര്‍ച്ചെ അഞ്ചേ കാലിന് കഴുമരത്തിന് സമീപം കൊണ്ടുവന്നു. കുറ്റവാളികള്‍ അന്ത്യാഭിലാഷം ഒന്നും അറിയിച്ചില്ല.  കഴുമരത്തിന് സമീപത്ത് എത്തുന്നതിന് മുന്‍പ് കറുത്ത തുണികൊണ്ട് പ്രതികളുടെ മുഖം മറച്ച്് കയറുകൊണ്ട് കൈകള്‍ പിന്നിലേക്ക് കെട്ടി. തുടര്‍ന്ന് അവസാനവട്ട പരിശോധന ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പൂര്‍ത്തിയാക്കി. പ്രതികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യം ഇല്ലെന്നും അറിയിച്ചു.

5.29ഓടെ നാല് പ്രതികളുടെയും മരണവാറണ്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് ശേഷം ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ സഹായികള്‍ കാലുകള്‍ ബന്ധിച്ചു. ശേഷം നാലു പേരുടെയും കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയതോടെ ആരാച്ചാര്‍ കഴുമരത്തിന് താഴെയുള്ള തട്ട് മാറ്റുന്ന ലിവര്‍ വലിച്ചു. 

തട്ട് നീങ്ങിയതോടെ കൃത്യം 5.30ന് പ്രതികളായ അക്ഷയ് ഠാകുര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), മുകേഷ് സിങ് (32) എന്നിവരുടെ വധശിക്ഷ നടപ്പാക്കി. 5.31ന് വധശിക്ഷ നടപ്പാക്കിയ വിവരം തീഹാര്‍ ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ, തീഹാര്‍ ജയിലിന് മുന്നിലെത്തിയവര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി.

കുറ്റവാളികള്‍ക്ക് വധ ശിക്ഷ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബലാത്സംഗ കേസാണിത്. 2004ല്‍ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് ഇതിനു മുമ്പ് ധനഞ്‌ജോയ് ചാറ്റര്‍ജിയെയാണ് തൂക്കിലേറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com