'ഞാന്‍ എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്നിട്ടില്ല, സെല്‍ഫ് ക്വാറന്റീന്‍ ചെയ്യാതിരുന്നത് ഗവണ്‍മെന്റ് നിര്‍ദേശമില്ലാത്തതിനാല്‍'; കനിക

'ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റില്‍ വരുന്നവര്‍ എങ്ങനെയാണ് ഇമിഗ്രേഷനിലെ സ്‌ക്രീനിങ് ഒഴിവാക്കാനാവുക. മുംബൈ എയര്‍പോര്‍ട്ടില്‍ ഞാന്‍ കൃത്യമായ സ്‌ക്രീനിങ്ങിന് വിധേയയായി'
'ഞാന്‍ എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്നിട്ടില്ല, സെല്‍ഫ് ക്വാറന്റീന്‍ ചെയ്യാതിരുന്നത് ഗവണ്‍മെന്റ് നിര്‍ദേശമില്ലാത്തതിനാല്‍'; കനിക

ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത് പാര്‍ലമെന്റിനെയും രാഷ്ട്രപതി ഭവനേയും വരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലണ്ടനില്‍ നിന്നെത്തി സെല്‍ഫ് ക്വറന്റീന്‍ ചെയ്യുന്നതിന് പകരം ഇവര്‍ പാര്‍ട്ടികളിലും മറ്റുമായി കറങ്ങി നടക്കുകയായിരുന്നു. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തത്. എന്നാല്‍ തനിക്കെതിരേ പ്രചരിക്കുന്നതെല്ലാം വെറും അപവാദ പ്രചരണങ്ങള്‍ മാത്രമാണെന്നാണ് കനിക പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശം ഇല്ലാത്തതിനാലാണ് സെല്‍ഫ് ക്വാറന്റീനില്‍ കഴിയാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവരുടെ വെളിപ്പെടുത്തല്‍. 

സ്‌ക്രീനിങ് ഒഴിവാക്കാനായി ഞാന്‍ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്നു എന്നത് വെറും അപവാദ പ്രചരണം മാത്രമാണ്. ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റില്‍ വരുന്നവര്‍ എങ്ങനെയാണ് ഇമിഗ്രേഷനിലെ സ്‌ക്രീനിങ് ഒഴിവാക്കാനാവുക. മുംബൈ എയര്‍പോര്‍ട്ടില്‍ ഞാന്‍ കൃത്യമായ സ്‌ക്രീനിങ്ങിന് വിധേയയായി. ഒരു ദിവസം നഗരത്തില്‍ തങ്ങുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ് എല്ലാം നിര്‍ത്തിവെച്ചതിനാല്‍ വീട്ടിലേക്ക് വരാന്‍ എന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 11 ന് രാവിലത്തെ വിമാനത്തിലാണ് ഞാന്‍ ലഖ്‌നൗവില്‍ എത്തിയത്.  എന്നാല്‍ വിദേശത്തുനിന്നു വരുന്നവര്‍ സെല്‍ഫ് ക്വാറന്റീനില്‍ കഴിയണമെന്ന് ഗവണ്‍മെന്റ് നിര്‍ദേശമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഞാന്‍ അത് ചെയ്യുന്നത്. പ്രത്യേകിച്ച് ഞാന്‍ സ്‌ക്രീനിങ്ങിന് വിധേയയാവുകയും മുംബൈ വിടുംവരെ എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍. നാല് ദിവസം മുന്‍പാണ് എനിക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.' കനിക പറഞ്ഞു. 

താന്‍ പാര്‍ട്ടി ഒന്നും നടത്തിയിട്ടില്ലായിരുന്നെന്നും ചെറിയ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. നിരവധി രാഷ്ട്രീയക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. താന്‍ ഒരു അതിഥിയായാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. 'ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെ അടുത്തുള്ള ആശുപത്രിയിലെ മേധാവിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. എന്നാല്‍ സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റിയുമായി ബന്ധപ്പെടാന്‍ അവര്‍ പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് ലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞെങ്കിലും ഇത് സാധാരണ പനിയാണ് എന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് നിര്‍ബന്ധിച്ചപ്പോഴാണ് അധികൃതര്‍ എത്തി എന്റെ സാമ്പിള്‍ എടുത്തത്. ഇതിനായി മൂന്ന് ദിവസമെടുത്തു. തിങ്കളാഴ്ച മുതല്‍ ഞാന്‍ എന്റെ മുറിയിലാണ് കഴിയുന്നത്. തീരെ വയ്യാതായപ്പോള്‍ ഞാനാണ് അധികൃതരുമായി ബന്ധപ്പെട്ടത്.' കനിക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com