തമിഴ്‌നാടിന് പിന്നാലെ പൂനെയിലും വിദേശ സമ്പര്‍ക്കമില്ലാത്തയാള്‍ക്ക് കോവിഡ് ; രോഗം സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് ?

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 21st March 2020 02:22 PM  |  

Last Updated: 21st March 2020 02:22 PM  |   A+A-   |  

ഫയല്‍ ചിത്രം

 

ചെന്നൈ : തമിഴ്‌നാട്ടിലും പൂനെയിലും രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എങ്ങനെ എന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകാതെ ആരോഗ്യ വകുപ്പ് അധികൃതര്‍. വിദേശരാജ്യങ്ങളിലോ, രാജ്യത്തിനകത്തോ കാര്യമായ സഞ്ചാരം നടത്താത്ത രണ്ടുപേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗബാധം സാമൂഹ്യവ്യാപന ഘട്ടത്തിലേക്ക് കടന്നതതിന്റെ സൂചനകളാകാം ഇതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തിയ 20 കാരനാണ് കഴിഞ്ഞ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വിദേശ സന്ദര്‍ശനം നടത്തുകയോ, കോവിഡ് പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്ത ആളാണ്. ഈ യുവാവിന് എങ്ങനെ രോഗം ബാധിച്ചു എന്നതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഐസിഎംആറിലെ എപ്പിഡെമോളജി തലവന്‍ ഡോ. ആര്‍ ആര്‍ ഗംഗാഖേധ്കര്‍ പറഞ്ഞു. 

പൂനെയില്‍ 40 വയസ്സില്‍ താഴെയുള്ള സ്ത്രീക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരും വിദേശരാജ്യങ്ങളിലൊന്നും പോയിട്ടില്ല. മാര്‍ച്ച് മൂന്നിന് നവി മുംബൈയിലെ വാഷിയില്‍ ഒരു വിവാഹത്തിന് ഇവര്‍ പങ്കെടുത്തിരുന്നു. ഇതാണ് അടുത്തിടെ നടത്തിയ സഞ്ചാരമെന്നാണ് യുവതി അറിയിച്ചത്. 

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഭാരതി ആശുപത്രിയില്‍ യുവതി ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ തൊണ്ടയിലെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാം അറിയിച്ചു.