ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ എരിക്കിൻ ചെടിയുടെ കറ നൽകി കൊലപ്പെടുത്തി; അമ്മയും മുത്തശ്ശിയും അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2020 07:03 AM  |  

Last Updated: 21st March 2020 07:03 AM  |   A+A-   |  

babydeath

 

തേനി: പിറന്ന് ദിവസങ്ങൾ മാത്രം പ്രായമായ പെൺ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും മുത്തശ്ശിയും അറസ്റ്റിൽ. തമിഴ്നാട്ടിൽ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ  കറ നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവർ  മൊഴി നൽകി.

കോഴിക്കോട് മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവരെ കവിതയുടെ അമ്മയുടെ അടുത്താക്കിയാണ് സുരേഷും കവിതയും ജോലിക്കു പോകുന്നത്. കവിത ഫെബ്രുവരി 26ന് തേനി മെഡിക്കൽ കോളജിൽ ഒരു പെൺകുഞ്ഞിനു കൂടി ജന്മം നൽകി. 28ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന്  കുഞ്ഞ് മരിച്ചു. 

കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം കുഞ്ഞിന് മുലപ്പാൽ നൽകിയതാണ് മരണ കാരണം എന്നാണ് ഇവർ പ്രചരിപ്പിച്ചത്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യ വിവരം റവന്യു അധികൃതർക്കു ലഭിച്ചു. പരാതി ലഭിച്ച തഹസിൽദാർ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. തുടർന്ന് വിഇഒ പൊലീസിൽ പരാതി നൽകി. ആണ്ടിപ്പെട്ടി ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.