രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നു; മഹാരാഷ്ട്രയില്‍ 63, 'ജനത കര്‍ഫ്യൂ'വിന് തയ്യാറെടുത്ത് ഇന്ത്യ

സംസ്ഥാനങ്ങളില്‍ പുതുതായി മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകളില്‍ രോഗം കണ്ടെത്തിയത്. 63പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനങ്ങളില്‍ പുതുതായി മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹിന്ദി ഹൃദയഭൂമിയില്‍ ബിഹാറും ഝാര്‍ഖണ്ഡും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും രോഗബാധ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 52 ആയി. ഇതില്‍ മൂന്നുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരാണ്. ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം യഥാക്രമം 20,22, 25,21, 18 എന്നിങ്ങനെയാണ്. നാലുപേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളാണ് നാളെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നാളെ രാജ്യം നിശ്ചലമാകും. കൊറോണ വൈറസ് ബാധയെ കുറിച്ച് ഓര്‍ത്ത് പരിഭ്രാന്തി വേണ്ടെന്നും എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ വരുംദിവസങ്ങളില്‍ തുടരാനും ജനത്തോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

മുന്‍കരുതല്‍ നടപടിയെടുത്ത് മുന്നോട്ടുപോകാനാണ് മോദി ആവശ്യപ്പെട്ടത്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും സാമൂഹ്യ അകലം പാലിക്കാനും മോദി അഭ്യര്‍ത്ഥിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com