ശ്വാസ തടസ്സം, പനി, ചുമ ഉള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന; മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2020 12:21 PM  |  

Last Updated: 21st March 2020 12:21 PM  |   A+A-   |  

covid_baby

കാണ്‍പുരില്‍ നവജാത ശിശുവിനെ കൊറോണ പ്രതിരോധ മാസ്‌ക് ധരിപ്പിച്ചിരിക്കുന്നു/പിടിഐ

 

ന്യൂഡല്‍ഹി: ശ്വസന പ്രശ്‌നങ്ങള്‍, പനി, ചുമ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്.

കോവിഡ് പോസിറ്റിവ് ആയവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും ഹൈറിസ്‌ക് കോണ്‍ടാക്റ്റുകളെയും ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും പരിശോധനയ്ക്കു വിധേയമാക്കണം. രോഗബാധിതനുമായി ബന്ധപ്പെട്ടതിന് അഞ്ചു മുതല്‍ 14 ദിവസത്തിനിടയിലാണ് ഇവരില്‍ പരിശോധന നടത്തേണ്ടതെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

പതിനാലു ദിവസത്തിനിടെ രാജ്യാന്തര യാത്ര നടത്തിയവരില്‍ ലക്ഷണങ്ങള്‍ ഉള്ളവരെയും അവരുമായി ബന്ധപ്പെട്ടവരില്‍ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഇതുവരെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നത്. 

അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 271 ആയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശയാത്ര നടത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുമാണ് രാജ്യത്ത് രോഗം കണ്ടെത്തിയിട്ടുള്ളത്. സമൂഹ വ്യാപനം ഇതുവരെ ഇല്ലെന്നാണ് നിഗമനം. സമൂഹ വ്യാപനം സ്ഥിരീകരിക്കുന്ന പക്ഷം ടെസ്റ്റിങ് മാര്‍ഗ നിര്‍ദേശങ്ങളില്‍ വീണ്ടും മാറ്റം വരുത്തുമെന്ന ഐസിഎംആര്‍ അറിയിച്ചു.