സാനിറ്റൈസറിന്റെ 200 മില്ലിലിറ്റര്‍ ബോട്ടിലിന് പരമാവധി വില 100 രൂപ, മാസ്‌കിന് 10; വില നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2020 04:34 PM  |  

Last Updated: 21st March 2020 04:34 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കിനും സാനിറ്റൈസറിനും വില നിര്‍ണയിച്ച് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാതിരിക്കാനുളള ഫലപ്രദമായ പ്രതിരോധ മാര്‍ഗം എന്ന നിലയില്‍ മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ആവശ്യകത ഉയര്‍ന്നത് വില ഗണ്യമായി ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് നിയന്ത്രിച്ച് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇവ രണ്ടും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 

സാനിറ്റൈസറിന്റെ 200മില്ലിലിറ്റര്‍ ബോട്ടിലിന് നൂറ് രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി. മാസ്‌കിനും വില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ടു പ്ലൈ മാസ്‌കിന് എട്ടുരൂപ മാത്രമേ ഈടാക്കാന്‍ പാടുളളൂ. വൈറസ് വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന ത്രീ പ്ലൈ മാസ്‌കിന് 10 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്നും രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. അവശ്യ വസ്തുക്കളുടെ നിയമം അനുസരിച്ചാണ് നടപടി. ജൂണ്‍ 30 വരെയാണ് ഇത് പ്രാബല്യത്തില്‍ ഉണ്ടാവുക.

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ മാസ്‌കിനും സാനിറ്റൈസറിനും ആവശ്യകത ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ആവശ്യത്തിന് അനുസരിച്ച് ഇവ ലഭിക്കുന്നില്ല എന്ന പരാതി നില്‍ക്കുന്നുണ്ട്. ലഭ്യമായ ചുരുക്കം സ്റ്റോക്കിന് അമിതമായ വില ഈടാക്കുന്നതായും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ വില നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും.