ഈ നമ്പറിലേക്ക് വിളിക്കൂ; റിസര്‍വേഷന്‍ കേന്ദ്രങ്ങളില്‍ എത്താതെ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാം 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 22nd March 2020 10:17 AM  |  

Last Updated: 22nd March 2020 10:17 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി: കോവിഡ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി റിസര്‍വേഷന്‍ കേന്ദ്രങ്ങളില്‍ എത്താതെ  ട്രെയിന്‍  ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യവുമായി ദക്ഷിണ റെയില്‍വേ. ഈ മാസം 21 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്ക് റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ വഴി നല്‍കിയ പേപ്പര്‍ ടിക്കറ്റുകള്‍ക്കാണ് ഇളവ്. യാത്രാ തീയതി മുതല്‍ 30 ദിവസത്തിനകം 2 രീതിയില്‍ ടിക്കറ്റ് റദ്ദാക്കാം. ആദ്യത്തേത് 139 എന്ന നമ്പറില്‍ വിളിച്ച് ടിക്കറ്റിലെ പിഎന്‍ആര്‍ നമ്പര്‍ നല്‍കി റദ്ദാക്കുന്ന രീതിയാണ്. തുടര്‍ന്നു റജിസ്‌റ്റേഡ് ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപിയുമായി റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തിയാല്‍ പണം തിരികെ ലഭിക്കും. ഇതിനും സാവകാശമുണ്ട്. 

രണ്ടാമത്തേത് ഏതെങ്കിലും റിസര്‍വേഷന്‍ കേന്ദ്രത്തില്‍ എത്തി ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് പൂരിപ്പിച്ചു നല്‍കുന്നതാണ്. പൂരിപ്പിച്ചു നല്‍കിയ രസീതിന്റെ പകര്‍പ്പ് 60 ദിവസത്തിനകം ചെന്നൈയിലെ ചീഫ് ക്ലെയിംസ് ഓഫിസര്‍/ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ എന്നിവരുടെ പേരില്‍ അയച്ചു കൊടുക്കണം. ചാര്‍ട്ട് പരിശോധിച്ചു പണമായോ ബാങ്ക് അക്കൗണ്ടിലേക്കോ തുക നല്‍കും. 21 മുതല്‍ ഏപ്രില്‍ 15 വരെ റദ്ദാക്കിയ ട്രെയിനുകളില്‍, യാത്ര ചെയ്യാന്‍ റിസര്‍വ് ചെയ്തവര്‍ക്കു പണം തിരികെ കിട്ടാന്‍ യാത്രാ തീയതി മുതല്‍ 45 ദിവസം വരെ അനുവദിച്ചു. ഇ-ടിക്കറ്റുകള്‍ നിലവിലെ രീതിയില്‍ തന്നെ റദ്ദാക്കണം.