'കൈയടിച്ചാല്‍ വൈറസ് പോകും'; മോഹന്‍ലാലടക്കമുള്ളവര്‍ പറഞ്ഞത് തെറ്റ്; മോദി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം

'കൈയടിച്ചാല്‍ വൈറസ് പോകും'; മോഹന്‍ലാലടക്കമുള്ളവര്‍ പറഞ്ഞത് തെറ്റ്; മോദി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം
'കൈയടിച്ചാല്‍ വൈറസ് പോകും'; മോഹന്‍ലാലടക്കമുള്ളവര്‍ പറഞ്ഞത് തെറ്റ്; മോദി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഒരുമിച്ച് കൈയടിച്ചാല്‍ കൊറോണ വൈറസ് ബാധയെ തുരത്താമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒരുമിച്ച് കൈയടിച്ചാലുണ്ടാകുന്ന തരംഗം കൊറോണ വൈസ് അണുബാധയെ നശിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇത്തരത്തില്‍ 'വാട്‌സ്ആപ് യൂനിവേഴ്‌സിറ്റി'യില്‍ വന്ന വ്യജ സന്ദേശം ഏറ്റുപിടിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവും വന്നു. മോഹന്‍ലാല്‍ മാത്രമല്ല പ്രമുഖരായ പലരും ഇത്തരത്തിലുള്ള സന്ദേശത്തിന് പിന്നാലെ പോയിരുന്നു.  

ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കൈയടിക്കാന്‍ പറഞ്ഞത് നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന അടിയന്തര മേഖലകളിലുള്ളവരോട് നന്ദി പ്രകടിപ്പിക്കാനാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ ബാധയ്ക്കിടയിലും സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗം ജനങ്ങളെ ആദരിക്കുന്നതിനായി ജനതാ കര്‍ഫ്യുവിനിടയില്‍ അല്‍പ്പസമയം മാറ്റിവെക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.

സര്‍ക്കാരുദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, റെയില്‍വേ, വിമാന ജോലിക്കാര്‍, പൊലീസുദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് ജനങ്ങളുടെ ആദരം നല്‍കണം. ഇതിനായി ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അഞ്ച് മിനിറ്റ് സമയം നീക്കിവെക്കണം.

വീട്ടിനുള്ളിലോ വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോനിന്ന് കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങളില്‍ കൊട്ടിയോ അവരോട് നന്ദി പറയണം. ഈ സമയം സൂചിപ്പിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ സൈറണ്‍ മുഴക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com