മണിക്കൂറുകള്‍ക്കകം കോവിഡ് ബാധിച്ച് മൂന്നുമരണം; മരിച്ചവരുടെ എണ്ണം ഏഴായി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 22nd March 2020 04:11 PM  |  

Last Updated: 22nd March 2020 04:11 PM  |   A+A-   |  

ചിത്രം:പിടിഐ

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മറ്റൊരു മരണം കൂടി. ഗുജറാത്ത് സൂറത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69കാരനാണ് മരിച്ചത്. ഇതോടെ മണിക്കൂറുകള്‍ക്കകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴു പേരാണ് മരിച്ചത്. 

ഒന്നിലധികം രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. അതേസമയം ഗുജറാത്തില്‍ തന്നെ വഡോദരയില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരിക്കും മരണം സംഭവിച്ചിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധന ഫലം പുറത്തുവന്നിട്ടില്ല. 65കാരിയും ഒന്നിലധികം രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

നേരത്തെ ചികിത്സയിലായിരുന്ന 63കാരനായ മുംബൈ സ്വദേശിയും ബിഹാര്‍ സ്വദേശിയുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബിഹാര്‍ പട്‌ന എയിംസില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 38 കാരനാണ് മരിച്ചത്. വൃക്ക തകരാറിനെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍  വ്യക്തമാക്കി. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന്് രണ്ടുദിവസം മുന്‍പാണ് ഇദ്ദേഹം ബിഹാറില്‍ എത്തിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശിയായ 63കാരനാണ് ഇന്നലെ രാത്രി കോവിഡ് ബാധിച്ച് മരിച്ച അഞ്ചാമന്‍. 

 ഇദ്ദേഹത്തിന് മുന്‍പെ തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം എന്നി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതിനിടെയാണ് 63കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം  കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 341 ആയി ഉയര്‍ന്നു.