മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ്‌സിങ് ചൗഹാന്‍ തിരിച്ചെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2020 10:42 PM  |  

Last Updated: 23rd March 2020 10:42 PM  |   A+A-   |  

 

ഭോപ്പാല്‍:  മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ്‌സിങ് ചൗഹാന്‍ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ഠന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായിട്ടായിരുന്നു സത്യപ്രതിജ്ഞ.  

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നരോത്തം മിശ്രയുടേയും നരേന്ദ്രിസിംഗ്‌തോമറിന്റേയും പേരുകള്‍ ഉയര്‍ന്നെങ്കിലും ശിവരാജ് സിംഗ് ചൗഹാന്‍ മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. വൈകീട്ട് ചേര്‍ന്ന  യോഗത്തില്‍ ശിവരാജ് സിംഗ് ചൗഹാനെ ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു.  സര്‍ക്കാര്‍ രൂപീകരിക്കാനായതില്‍ ചൗഹാനെ അഭിനന്ദിച്ച ജോതിരാദിത്യ സിന്ധ്യ സംസ്ഥാനത്തിന്റെ വികസനത്തിന് കൂടെയുണ്ടാകുമെന്ന് ട്വീറ്റ് ചെയ്തു. സിന്ധ്യയോട് കടപ്പെട്ടിരിക്കുന്നു എന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ചൗഹാന്‍ മറുപടി നല്‍കി. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്നും വീടുകളില്‍ തുടരണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവ് പ്രകാരം വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടതിന്റെ രണ്ട് മണിക്കൂര്‍ മുമ്പായിരുന്നു കമല്‍നാഥിന്റെ രാജി. ജനത കര്‍ഫ്യൂവും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പവുമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചത്. ജോതിരാദിത്യ സിന്ധ്യക്കൊപ്പം വന്ന ആറ് മന്ത്രിമാര്‍ക്കും മന്ത്രിസ്ഥാനം നല്കിയേക്കും. 25 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാകും ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുക.