'ഇന്ത്യക്കാർക്ക് കൊറോണ വൈറസിന്റെ ​ഗൗരവം മനസിലായിട്ടില്ല; ജനതാ കർഫ്യൂ രണ്ടാഴ്ച നീട്ടണം'- ഡോ. എഎം ദേശ്മുഖ് പറയുന്നു

ഇന്ത്യക്കാർക്ക് ഇതിന്റെ ​ഗൗരവം മനസിലായിട്ടില്ല; ജനതാ കർഫ്യൂ രണ്ടാഴ്ച നീട്ടണം- ഡോ. എഎം ദേശ്മുഖ് പറയുന്നു
'ഇന്ത്യക്കാർക്ക് കൊറോണ വൈറസിന്റെ ​ഗൗരവം മനസിലായിട്ടില്ല; ജനതാ കർഫ്യൂ രണ്ടാഴ്ച നീട്ടണം'- ഡോ. എഎം ദേശ്മുഖ് പറയുന്നു

മുംബൈ: കൊറോണ വൈറസ് ഇപ്പോഴത്തെ വേ​ഗതയിലാണ് വ്യാപിക്കുന്നതെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇന്ത്യ ​ഗരുതരമായ ആപത്ത് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രമുഖ മൈക്രോ ബയോളജിസ്റ്റ് ഡോ. എഎം ദേശ്മുഖ്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ‘ജനതാ കര്‍ഫ്യൂ’ രാജ്യത്ത് നടപ്പാക്കണമെന്നും ജനങ്ങളിൽ പലരും ഇപ്പോഴും ഈ വൈറസ് വ്യാപനത്തെ ​ഗൗരവത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സാമൂഹിക അകലം ഗൗരവകരമായി നടപ്പാക്കിയില്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയും. അചിന്തനീയമായ സാഹചര്യമായിരിക്കും ഉടലെടുക്കുകയെന്നും മൈക്രോ ബയോളജിസ്റ്റ് സൊസൈറ്റി ഇന്ത്യ (എംഎസ്‌ഐ) പ്രസിഡന്റ് കൂടിയായ ദേശ്മുഖ് പറഞ്ഞു.

സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം ചേരുന്നതു വൈറസ് വ്യാപനം ത്വരിത ഗതിയിലാക്കും. ഈ സാഹചര്യത്തില്‍ കൊറോണ വ്യാപനം തടയാനായി കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും ജനതാ കര്‍ഫ്യൂ നടപ്പാക്കണമെന്ന് എംഎസ്‌ഐ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ജനതാ കര്‍ഫ്യൂവിന് ശേഷം ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയ നടപടി രൂക്ഷ വിമര്‍ശനത്തിനു വിധേയമായതിനു പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി എംഎസ്‌ഐ രംഗത്തെത്തിയത്. കോവിഡ് രോഗബാധയുണ്ടാകാന്‍ 14 ദിവസമാണ് വേണ്ടിവരുന്നതെന്നു ഡോ.ദേശ്മുഖ് പറഞ്ഞു. ഇതിനു ശേഷം രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവോ പോസിറ്റീവോ ആകാം.

എന്നാല്‍ പോസിറ്റീവ് ആണെങ്കില്‍ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ 14 ദിവസം കര്‍ഫ്യൂ നടപ്പാക്കിയാല്‍ വലിയ രീതിയിലുള്ള വൈറസ് വ്യാപനം തടയാന്‍ കഴിയുമെന്ന് ഉറപ്പാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

രാജ്യാന്തര കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ടു ശതമാനമാണ് കോവിഡ് മരണ നിരക്ക്. മഹാമാരി ഇപ്പോഴൊന്നും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ രാജ്യത്തു കൂടുതല്‍ പേര്‍ രോഗത്തിനു കീഴ്‍പ്പെടാൻ സാധ്യതയുണ്ട്. വേനല്‍ക്കാലത്തെ കൊടുംചൂട് വൈറസ് വ്യാപനം ത്വരിതപ്പെടുത്തില്ല എന്നത് ആശ്വാസകരമാണ്.

രാജ്യത്ത് ആശുപത്രി കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവയുടെ അപര്യാപ്ത ചികിത്സയ്ക്കു വെല്ലുവിളിയാകുമെന്നു ഡോക്ടര്‍ മുന്നറിയിപ്പു നല്‍കി. രണ്ടാഴ്ച നീളുന്ന ജനതാ കര്‍ഫ്യൂ ദിവസ വേതനം പറ്റുന്നവരുടെയും ദരിദ്രരുടെയും ഭിന്നശേഷിക്കാരുടെയും ജീവിതം ദുരിതത്തിലാക്കുമെന്ന് ഉറപ്പാണ്.

ഈ സാഹചര്യത്തില്‍ അത് സര്‍ക്കാരും സമൂഹവും ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണു വേണ്ടത്. അത്തരക്കാര്‍ക്കു ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാക്കണം. സര്‍ക്കാരിന്റെയും രാജ്യത്തെ ജനങ്ങളുടെയും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നന്മയ്ക്ക് ഈ നടപടി അനിവാര്യമാണെന്നും ഡോക്ടര്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com