കൊറോണ: വിദേശത്ത് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2020 06:22 PM  |  

Last Updated: 23rd March 2020 06:22 PM  |   A+A-   |  

 


ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് വിദേശത്ത് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഇറാനിലും ഈജിപ്തിലും സ്വീഡനിലുമാണ് ഇന്ത്യക്കാര്‍ മരണമടഞ്ഞത്‌. നിരവധി രാജ്യങ്ങളെ ആശങ്കയിലാക്കി ലോകമാകെ വൈറസ് വ്യാപനം പടരുകയാണ്. 3,50,457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനകം 15,317 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5,476ആയി. ചൈന- 3,270, സ്‌പെയിന്‍ 2,182, ഇറാന്‍ 1,812 പേര്‍ മരിച്ചു. അഞ്ച് രാജ്യങ്ങളിലാണ് മരണ ആയിരം കടന്നത്. ഫ്രാന്‍സില്‍ മരിച്ചവര്‍ 674 പേരാണ്. അമേരിക്കയില്‍ 458 പേരും മരിച്ചുവെന്നാണ് കണക്കുകള്‍. 

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 418 ആയി. മഹാരാഷ്ട്രയില്‍ മാത്രം 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെ 20 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് മാറിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മറ്റു ആറു സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഭാഗികമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം, ചണ്ഡീഗഡ്, ഡല്‍ഹി, ഗോവ, ജമ്മു കശ്മീര്‍, നാഗലാന്‍ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ലഡാക്ക്, ജാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ്, ബിഹാര്‍, ത്രിപുര, തെലങ്കാന, ചത്തീസ്ഗഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കോവിഡ് ബാധിതര്‍ ചികിത്സയില്‍ കഴിയുന്ന മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു സര്‍വീസുകള്‍ നിരോധിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിന് 80 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.