കൊറോണക്കാലത്തെ സത്യപ്രതിജ്ഞ; മധ്യപ്രദേശില്‍ അധികാരമേല്‍ക്കാന്‍ ശിവരാജ്സിങ് ചൗഹാന്‍; പ്രതിസന്ധി മറികടക്കാനെന്ന് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2020 04:33 PM  |  

Last Updated: 23rd March 2020 04:33 PM  |   A+A-   |  

 

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ്സിങ് ചൗഹാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാത്രി ഒന്‍പത് മണിക്ക് ഭോപ്പാല്‍ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചതിനെ തുടര്‍ന്നാണ് ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുന്നത്

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ രൂപികരിക്കേണ്ടതിനാലാണ് നീക്കമെന്ന് ബിജെപി നേതാക്കള്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്ത് കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.കോണ്‍ഗ്രസില്‍ നിന്നും ജ്യോതി രാദിത്യ സിന്ധ്യയെ ബിജെപി പാളയത്തിലെത്തുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ശിവരാജ് സിങ് ചൗഹാനായിരുന്നു.

അമിത് ഷായുടെ അടുപ്പക്കാരനും ബിജെപി ചീഫ് വിപ്പുമായ നരോത്തം മിശ്ര, കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ പേരുകളും നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ചൗഹാനു തന്നെ നറുക്കു വീഴുകയായിരുന്നു. തുടര്‍ച്ചയായി 15 വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അധികാരത്തിലേറുന്നത്.


കഴിഞ്ഞ വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടു നേടണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയായിരുന്നു രാജി. നേരത്തെ ജോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സര്‍ക്കാര്‍ താഴെ വീണത്.