സുപ്രീംകോടതി അടച്ചു; ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് കേസുകള്‍ പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd March 2020 12:11 PM  |  

Last Updated: 23rd March 2020 12:11 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സുപ്രീംകോടതി അടച്ചു. അടിയന്തര പ്രാധാന്യമുളള കേസുകള്‍ മാത്രമേ ഇനി പരിഗണിക്കൂ. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് കേസുകള്‍ പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി അടിയന്തര പ്രാധാന്യമുളള കേസുകള്‍ കേള്‍ക്കും. ഇതിനായി ആഴ്ചയില്‍ ഒരു ദിവസം മാത്രമേ സുപ്രീംകോടതിയുടെ കെട്ടിടം തുറക്കൂവെന്നും സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

അഭിഭാഷകര്‍ കോടതിയിലേക്ക് വരുന്നതും വിലക്കിയിട്ടുണ്ട്. ഇന്ന് കോടതിയിലെ ലോയേഴ്‌സ് ചേമ്പര്‍ വൈകീട്ട് സീല്‍ ചെയ്യുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിനായുളള മുന്‍കരുതലിന്റെ ഭാഗമായി കേരള ഹൈക്കോടതിയും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ടുവരെ അടച്ചിടാനാണ് ഹൈക്കോടതി തീരുമാനിച്ചത്.

അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ പരിഗണിക്കും. ഹേബിയസ് കോര്‍പ്പസ് അടക്കമുളള ഹര്‍ജികളാണ്‌ ഈ ദിവസങ്ങളില്‍ പരിഗണിക്കുക. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഡ്വക്കേറ്റ് ജനറലും അഭിഭാഷക അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്താണ് നടപടി.