'കൊറോണ വന്നത് ഹിന്ദു ദൈവങ്ങളെ പരിഹസിച്ചതുകൊണ്ട്'; മന്ത്രിയുടെ വിചിത്രവാദം; നടപടി

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th March 2020 09:20 AM  |  

Last Updated: 24th March 2020 09:20 AM  |   A+A-   |  

tamilnadu

 

ചെന്നൈ: രാജ്യം കോവിഡ് ഭീതിയിലിരിക്കെ വിവാദ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുത്ത് അണ്ണാ ഡിഎംകെ. ഹിന്ദു ദൈവങ്ങളേയും ആചാരങ്ങളേയും പരിഹസിച്ചതുകൊണ്ടാണ് രാജ്യത്ത് കൊറോണ വന്നത് എന്നായിരുന്നു തമിഴ്നാട് ക്ഷീര വികസന മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജിയുടെ കണ്ടെത്തൽ. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായതോടെ എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ബാലാജിയെ നീക്കി. ‌

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പരിഹസിച്ചതിന് ലഭിച്ച ശിക്ഷയാണ് കൊറോണ് വൈറസ് എന്നായിരുന്നു ഞായറാഴ്ച രാജേന്ദ്ര ബാലാജി ട്വിറ്ററിൽ കുറിച്ചത്. ഇത് ചർച്ചയായതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലായിരുന്നു ന‌‌ടപടി. വിരുത്നഗര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നാണ് രാജേന്ദ്ര ബാലാജിയെ നീക്കിയത്. എഐഎഡിഎംകെ കോഓഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, ജോയിന്‍റ് കോ ഓഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരാണ് തീരുമാനം പ്രഖ്യാപിച്ചത്. 

മന്ത്രിയുടെ പ്രസ്താവനയെ ഇവര്‍ രൂക്ഷമായി അപലപിച്ചു. ഇതിന് മുന്‍പും നിരവധി വിവദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള മന്ത്രിയാണ് രാജേന്ദ്ര ബാലാജി. അതിനിടെ പനീര്‍ സെല്‍വത്തിനും പളനി സ്വാമിക്കും സ്ഥാനം ഉറപ്പിക്കുന്നതിനായുള്ള നടപടിയാണ് ഇതെന്നും വിമർശനം ഉയരുന്നുണ്ട്.