തുപ്പുന്നത് കോവിഡ് പരത്തും; പാന്‍ മസാലയും ഗുഡ്കയും നിരോധിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2020 11:31 AM  |  

Last Updated: 25th March 2020 11:33 AM  |   A+A-   |  

 

ലക്‌നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാന്‍ മസാലയുടെയും ഗുഡ്കയുടെയും ഉത്പാദനവും വില്‍പ്പനയും നിരോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആലോചിക്കുന്നു. സ്രവങ്ങളിലൂടെയാണ് കോവിഡ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

പാന്‍ മസാലയും ഗുഡ്കയും ഉപയോഗിക്കുന്നവര്‍ തുപ്പുന്നത് പതിവാണ്. ഇത് കോവിഡ് വ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് പാന്‍ മസാലയുടെയും ഗുഡ്കയുടെയും ഉത്പാദനവും വില്‍പ്പനയും നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ ആദ്യ നാളുകളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇവയുടെ ഉപയോഗം നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭിത്തികളില്‍ പാന്‍ മസാലയുടെ കറ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് യോഗി സര്‍ക്കാര്‍ അന്ന് നടപടി എടുത്തത്.  

ഉത്തരവിനെ തുടര്‍ന്ന് തുടക്കത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവെങ്കിലും പിന്നീട് പരിശോധന അടക്കം അയയുന്ന സ്ഥിതിയാണ് ഉണ്ടായത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ഗൗരവത്തോടെ എടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.