മഹാഭാരതയുദ്ധം 18 ദിവസത്തിനുള്ളില്‍ ജയിച്ചു; കോവിഡ് 19നെതിരായ യുദ്ധം 21 ദിവസത്തിനുള്ളില്‍ ജയിക്കുമെന്ന് പ്രധാനമന്ത്രി

130 കോടി ജനങ്ങളുടെ ബലത്തിലാവും  ഈ യുദ്ധം നമ്മള്‍ വിജയിക്കുക
മഹാഭാരതയുദ്ധം 18 ദിവസത്തിനുള്ളില്‍ ജയിച്ചു; കോവിഡ് 19നെതിരായ യുദ്ധം 21 ദിവസത്തിനുള്ളില്‍ ജയിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാഭാരതയുദ്ധത്തെ ഉപമിച്ച് കോവിഡ് 19നെതിരായ യുദ്ധം വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാഭാരതയുദ്ധം പതിനെട്ടുദിവസമായിരുന്നു. കോവിഡ് 19നെതിരായ യുദ്ധം 21 ദിവസത്തിനുള്ളില്‍ ജയിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു.  വാരാണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 

130 കോടി ജനങ്ങളുടെ ബലത്തിലാവും  ഈ യുദ്ധം നമ്മള്‍ വിജയിക്കുകയെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ജനം വേണ്ട ശ്രദ്ധ നല്‍കുന്നില്ല. ഇതാണ് ഇപ്പോള്‍ സംഭവിച്ച്‌കൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ജനം തയ്യാറാവണമെന്നും മോദി പറഞ്ഞു. 

വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുത്. അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ വില നല്‍കേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ല. ജനങ്ങള്‍ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക. 21 ദിവസം രാജ്യത്തിനു നിര്‍ണായകമാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം പരിപൂര്‍ണമായും പാലിക്കണം.

സമ്പൂര്‍ണ ലോക്ക് ഡൗണിലൂടെയാണ് മറ്റു രാജ്യങ്ങളില്‍ വൈറസ് വ്യാപനം നിയന്ത്രിച്ചത്. വ്യാപനത്തിന്റെ വേഗത കൂടുന്തോറും പിടിച്ചുകെട്ടല്‍ അതികഠിനമാകും. കോവിഡിനോടു പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ക്കണം. ജീവന്‍ പണയം വച്ച് വിവരങ്ങള്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഓര്‍ക്കണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നന്ദി പറയണം. കോവിഡ് അഗ്‌നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com