രാജ്യത്ത് കോവിഡ് മരണം 16; വൈറസ് ബാധിതരുടെ എണ്ണം 694ആയി ഉയർന്നു; സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് മരണം 16; വൈറസ് ബാധിതരുടെ എണ്ണം 694ആയി ഉയർന്നു; സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം
രാജ്യത്ത് കോവിഡ് മരണം 16; വൈറസ് ബാധിതരുടെ എണ്ണം 694ആയി ഉയർന്നു; സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവി‍ഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16ആയി. രോഗ ബാധിതരുടെ എണ്ണം 694 ആയി ഉയര്‍ന്നു. ഇതിൽ 47 പേർ വിദേശികളാണ്. ജമ്മു കശ്മീരില്‍ ആദ്യ കോവിഡ് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇന്ന് ഓരോ രോഗികള്‍ മരിച്ചു. 

സമൂഹ വ്യാപനമില്ലെന്നും കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കോവിഡ് 19 ബാധിച്ച 649 പേരില്‍ 45 പേരുടെ രോഗം ഭേദമായി. 

ശ്രീന​ഗറിലെ ഹൈദര്‍പോറില്‍ കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരിച്ച 65കാരന്‍റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ നാല് പേര്‍ക്കും രോഗമുണ്ട്. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച മരിച്ച സ്ത്രീക്കും വൈറസ് ബാധയുണ്ട്. ഗുജറാത്തിലെ ഭാവ്നഗറില്‍ 70 വയസുകാരനും ബം​ഗളൂരുവില്‍ 75കാരിയും ഇന്ന് മരിച്ചു.  

ഡല്‍ഹിയില്‍ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 900പേരെ നിരീക്ഷണത്തിലാക്കി. സൗദിയില്‍ നിന്ന് എത്തിയ സ്ത്രീയില്‍ നിന്നാണ് രോഗ ബാധയെന്നാണ് അനുമാനം. മാര്‍ച്ച് 12ന് സ്ത്രീ ക്ലിനിക്കില്‍ എത്തിയിരുന്നു. 

ഈ ദിവസം മുതല്‍ മാര്‍ച്ച് 18വരെ ക്ലിനിക്കിലെത്തിയ  900 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. സൗദിയില്‍ നിന്നെത്തിയ സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

ഒരു മാസം മുമ്പ് നടന്ന ഡല്‍ഹി കലാപം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമാണ് മൗജ്പൂര്‍. നിരവധിപേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ രോഗ വ്യാപന സാധ്യത ഏറെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com