ലോക്ക്ഡൗണ്‍ ലംഘിച്ച് സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്ത് എംഎല്‍എ; തടിച്ചുകൂടി ജനം, നടപടിയുമായി പൊലീസ്, കേസ് 

കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച എംഎല്‍എയ്‌ക്കെതിരെ കേസ്
ലോക്ക്ഡൗണ്‍ ലംഘിച്ച് സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്ത് എംഎല്‍എ; തടിച്ചുകൂടി ജനം, നടപടിയുമായി പൊലീസ്, കേസ് 

പുതുച്ചേരി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച എംഎല്‍എയ്‌ക്കെതിരെ കേസ്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വീടിന് പുറത്ത് സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തതിനാണ് പൊലീസ് നടപടി. 

പുതുച്ചേരിയില്‍ ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ എംഎല്‍എയാണ് കുരുക്കിലായത്. കോണ്‍ഗ്രസ് എംഎല്‍എ എ ജോണ്‍ കുമാറാണ് തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പച്ചക്കറി കിറ്റ് സൗജന്യമായി നല്‍കിയത്. പച്ചക്കറി കിറ്റ് വാങ്ങാന്‍ വീടിന് മുന്‍പില്‍ എത്തിയ 200ഓളം വരുന്ന നാട്ടുകാര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ്, എംഎല്‍എയുടെ വീടിന് മുന്‍പില്‍ ജനം തടിച്ചുകൂടിയത്. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ ഉള്‍പ്പെടെയുളളവര്‍ക്കുമെതിരെ കേസെടുത്തത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വ്യാപകമായ പ്രചാരണം നിലനില്‍ക്കുമ്പോഴും ഇത് പാലിക്കാതിരുന്ന എംഎല്‍എയ്‌ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തതായി ലെഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ അടുത്ത അനുയായിയാണ് ജോണ്‍ കുമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com