വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ മൂന്നു മാസം 500 രൂപ വീതം, തൊഴിലുറപ്പു കൂലി ഉയര്‍ത്തി, കര്‍ഷകര്‍ക്ക് 2000 രൂപ; കേന്ദ്ര പാക്കേജില്‍ ആശ്വാസ പ്രഖ്യാപനങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th March 2020 02:10 PM  |  

Last Updated: 26th March 2020 02:11 PM  |   A+A-   |  

nirmala

 


 

ന്യൂഡല്‍ഹി: കൊറോണ കാലത്തെ നേരിടുന്നതിനുള്ള ധനസഹായമായി വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേത്ത് അടുത്ത മൂന്നു മാസം അഞ്ഞൂറു രൂപ വീതം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിധവകള്‍, പെന്‍ഷന്‍കാര്‍, ശാരീരിക വെല്ലുവിളി ഉള്ളവര്‍ എന്നിവര്‍ക്ക് ആയിരം രൂപ വീതം നല്‍കും. രണ്ട് ഗഡുക്കളായി ആണ് പണം നല്‍കുകയെന്ന്, സാമ്പത്തിക പാക്കെജ് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അറിയിച്ചു.

ജന്‍ധന്‍ അക്കൗണ്ടിലേക്ക് പണം നല്‍കുന്നതിലൂടെ 20 കോടി വനിതകള്‍ക്കാണ് സഹായം ലഭിക്കുക. വിധവ, പെന്‍ഷന്‍കാര്‍, ശാരീരിക വെല്ലുവിളി ഉള്ളവര്‍ എന്നിവര്‍ക്കുള്ള സഹായം മൂന്നു കോടി ആളുകള്‍ക്കു ലഭിക്കും.

ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഉജ്വല സ്‌കീം വഴിയുള്ള പാചക വാതക വിതരണം അടുത്ത മൂ്ന്നു മാസം സൗജ്യമായിരിക്കും. 8.3 കോടി കുടംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള ഈടില്ലാ വായ്പയുടെ പരിധി പത്തു ലക്ഷത്തില്‍നിന്ന് ഇരുപതു ലക്ഷമാക്കി. ഏഴു കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

കര്‍ഷകര്‍ക്ക് ഈ വര്‍ഷത്തെ കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ ഉടന്‍ നല്‍കും. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ കൂലി പ്രതിദിനം 182 എന്നത് 202 രൂപയാക്കി ഉയര്‍ത്തി. അഞ്ചു കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുതെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊറോണ വൈറസ് പ്രതിരോധ മേഖലയില്‍ പ്രര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ആശാവര്‍ക്കര്‍മാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമേഖലയ്ക്ക് 15000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ മൂന്ന് രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്ക് ഗോതമ്പും അടക്കമുളള ഭക്ഷ്യധാന്യങ്ങളും കേന്ദ്രം അനുവദിച്ചിരുന്നു.