സൗജന്യമായി അഞ്ചുകിലോ വീതം അരിയും ഗോതമ്പും അധികം, പിഎഫ് അക്കൗണ്ടില്‍ നിന്ന് 75 ശതമാനം പിന്‍വലിക്കാം, തിരിച്ചടക്കേണ്ടതില്ല
By സമകാലിക മലയാളം ഡെസ്ക് | Published: 26th March 2020 02:25 PM |
Last Updated: 26th March 2020 02:27 PM | A+A A- |

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വീണ്ടും ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും. നിലവില്‍ ഒരാള്‍ക്ക് അഞ്ചു കിലോ അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ അഞ്ചുകിലോവീതം വീണ്ടും സൗജന്യമായി അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് നടപടി.
അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമേ പയറുവര്‍ഗങ്ങളും സൗജന്യമായി നല്‍കും. പിഎഫ് അക്കൗണ്ടില്‍ നിന്നും ജീവനക്കാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കുന്നവിധം ചട്ടങ്ങള്‍ ലഘൂകരിക്കും. അതായത് പിഎഫ് അക്കൗണ്ടില്‍ നിന്ന് 75 ശതമാനം മുന്‍കൂറായി പിന്‍വലിക്കാന്‍ അനുവദിക്കും. 75 ശതമാനം തുകയോ, മൂന്ന് മാസത്തെ ശമ്പളമോ ഇതില്‍ ഏതാണോ ഏറ്റവും കുറവ് അത് പിന്‍വലിക്കാനാണ് അനുമതി നല്‍കി. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. അഞ്ചുകോടി തൊഴിലാളികള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കോവിഡ് ദുരിതത്തില്‍ നിന്ന്് ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുക എന്ന ഉദ്ദേശത്തോടെ വരുന്ന മൂന്ന് മാസത്തെ പിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. 100 വരെ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മാസം 15000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക.തൊഴിലുടമയുടെ വിഹിതവും സര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മ്മല പറഞ്ഞു.
നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സഹായ ധനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരിക്കുന്ന 31000 കോടിയില്‍ നിന്ന് പണം അനുവദിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 3. 5കോടി തൊഴിലാളികള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.
കോവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുതെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊറോണ വൈറസ് പ്രതിരോധ മേഖലയില്‍ പ്രര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമേഖലയ്ക്ക് 15000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ മൂന്ന് രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്ക് ഗോതമ്പും അടക്കമുളള ഭക്ഷ്യധാന്യങ്ങളും കേന്ദ്രം അനുവദിച്ചിരുന്നു.