ഒരു കുടുംബത്തിലെ 12പേര്‍ക്ക് കോവിഡ്; ബന്ധുക്കളെല്ലാം നിരീക്ഷണത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2020 11:20 AM  |  

Last Updated: 27th March 2020 11:20 AM  |   A+A-   |  

 

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍.

മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂരിലാണ് ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചത്. മാര്‍ച്ച് 23നാണ് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍ച്ച് 19 മുതല്‍ മിറാജില്‍ ഐസോലേഷന്‍ വാര്‍ഡിലാണ്.രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

മാര്‍ച്ച് 25ന് ഈ കുടുംബത്തിലെ മറ്റ് അഞ്ചുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസമാണ് അവശേഷിക്കുന്ന മൂന്നുപേരിലും രോഗം കണ്ടെത്തിയത്. ഇതില്‍ പതിനൊന്ന് പേരും സാംഗ്ലി ഇസ്ലാംപൂര്‍ സ്വദേശികളാണ്. ബന്ധുവായ പന്ത്രണ്ടാമത്തെ സ്ത്രീ കോലാപൂര്‍ ജില്ലയില്‍ നിന്നുളള ആളാണ്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയവരെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു.

ഈ കുടുംബവുമായി ഇഴപഴകിയ 11 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് സാംഗ്ലി ജില്ലാ സിവില്‍ സര്‍ജന്‍ സഞ്ജയ് അറിയിച്ചു. 23 പേരുടെ സവ്ര സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ ഇസ്ലാംപൂരിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. നിരവില്‍ ഈ കുടുംബവുമായി ഇടപഴകിയ 27 ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.