ട്രെയിന്‍ കോച്ചുകള്‍ ഐസലേഷന്‍ വാര്‍ഡുകളാക്കുന്നു ?; സാനിറ്റൈസറുകളും ഡ്രിപ് സ്റ്റാന്‍ഡുകളും റെയില്‍വേ നിര്‍മ്മിക്കും

ഒരു കോച്ചിലെ 9 ലോബികള്‍ ഇത്തരത്തില്‍ മാറ്റാനാകും.  കണ്‍സല്‍റ്റിങ് റൂം, ഐസിയു എന്നിവയും സജ്ജമാക്കാനാകുമെന്നാണ് കരുതുന്നത്
ട്രെയിന്‍ കോച്ചുകള്‍ ഐസലേഷന്‍ വാര്‍ഡുകളാക്കുന്നു ?; സാനിറ്റൈസറുകളും ഡ്രിപ് സ്റ്റാന്‍ഡുകളും റെയില്‍വേ നിര്‍മ്മിക്കും

ന്യൂഡല്‍ഹി : കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന റെയില്‍വേ കോച്ചുകള്‍ ഐസലേഷന്‍ വാര്‍ഡുകളാക്കാന്‍ കഴിയുമോയെന്നാണ് പരിഗണിക്കുന്നത്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് ഇതു സംബന്ധിച്ച് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി. 

വിദൂരഗ്രാമങ്ങളില്‍ ഇത് ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഒരു കോച്ചിലെ 9 ലോബികള്‍ ഇത്തരത്തില്‍ മാറ്റാനാകും (6 ബെര്‍ത്തുള്ള ഒരു യൂണിറ്റാണ് ലോബി). പാന്‍ട്രി കാര്‍ ഭക്ഷണം നല്‍കാനും ഉപയോഗിക്കാം. കണ്‍സല്‍റ്റിങ് റൂം, ഐസിയു എന്നിവയും സജ്ജമാക്കാനാകുമെന്നാണ് കരുതുന്നത്.

റെയില്‍വേയുടെ അപകട നിവാരണ മെഡിക്കല്‍ ഉപകരണ കോച്ചുകളും സേവനത്തിന് ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഈ സാധ്യത കൂടി പരിഗണിച്ച് ഓരോ സോണിലെയും ട്രെയിനുകളുടെ റേക്കുകള്‍ അതതു യൂണിറ്റുകളിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. 

കോവിഡ് ബാധയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ ഉല്‍പാദനം നിലച്ച യൂണിറ്റുകളില്‍നിന്ന് സാനിറ്റൈസറുകളും ആശുപത്രികളിലേക്കുള്ള കട്ടിലുകളും ഡ്രിപ് സ്റ്റാന്‍ഡുകളും നിര്‍മിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലെ അസന്‍സോള്‍ ഡീസല്‍ഷെഡ്ഡില്‍ നിന്നും രാജസ്ഥാനിലെ ജോധ്പുര്‍ ഡീസല്‍ ലോക്കോമോട്ടീവ് ഷെഡില്‍ നിന്നുമായി 700 ലീറ്റര്‍ സാനിറ്റൈസര്‍ ഇതുവരെ ഉല്‍പാദിപ്പിച്ചു.

വിപണിയില്‍ സാനിറ്റൈസറുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ റെയില്‍വേയുടെ വിവിധ മേഖലകളില്‍ വിതരണം ചെയ്യാനാണിത്. യാത്രാ സര്‍വീസുകള്‍ നിര്‍ത്തിയതിനൊപ്പം റെയില്‍വേയുടെ കോച്ച്, എന്‍ജിന്‍, ചക്രനിര്‍മാണ യൂണിറ്റുകളും അടച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് തടയാനുള്ള നടപടികളില്‍ പങ്കുചേരാനുള്ള തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com