വിഖ്യാത ചിത്രകാരൻ സതീഷ് ഗുജ്റാൾ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 27th March 2020 08:14 AM  |  

Last Updated: 27th March 2020 08:14 AM  |   A+A-   |  

satish_gujral

 

ന്യൂഡൽഹി; വിഖ്യാത ചിത്രകാരനും ശിൽപ്പിയുമായ സതീഷ് ​ഗുജ്റാൾ അന്തരിച്ചു. 94 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മുൻപ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ സഹോദരനാണ്. 

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ​ഗുജ്റാൾ. പെയിന്റർ, ആർക്കിടെക്ട്, എഴുത്തുകാരൻ, കവിത സ്നേഹി തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ബെൽജിയം എബസിയും  ​ഗോവ യൂണിവേഴ്സിറ്റിയും ഡിസൈൻ ചെയ്തതും അദ്ദേഹമാണ്. കലാ രം​ഗത്തെ സംഭാവനകൾ പരി​ഗണിച്ച് 1999 ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1925-ൽ പാകിസ്താനിലെ ലാഹോറിലായിരുന്നു ജനനം. ലഹോറിലെ മയോ ആർട്സ് സ്കൂൾ, മുംബൈയിലെ ജെ.ജെ. സ്കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിലായിരുന്നു ചിത്രകലാപഠനം. 1952-ൽ മെക്സിക്കോയിലെ പാൽസിയോ ഡി ബെല്ലാസ് ആർട്സിൽ സ്കോളർഷിപ്പ് ലഭിക്കുകയും ഇവിടെ പ്രമുഖ ചിത്രകാരൻമാരായ ഡിയാഗോ റിവേറ, ഡേവിഡ് അൽഫ്രോ സ്കറിയോസ് എന്നിവരുടെ ശിഷ്യനുമായി.

ഇന്ത്യൻവിഭജനകാലത്തും അടിയന്തരാവസ്ഥക്കാലത്തും ഉത്തരാധുനിക ചിത്രകലാശൈലികൊണ്ട് ശ്രദ്ധേയനായി. 1952 മുതൽ 74 വരെയുള്ള കാലത്ത് ന്യൂയോർക്ക്, മോൺട്രിയോൾ, ബെർലിൻ, ടോക്യോ തുടങ്ങിയ നഗരങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഭാര്യ: കിരൺ. മക്കൾ: മോഹിത് ഗുജറാൾ, അൽപനാ ഗുജ്റാൾ, രസീൽ ഗുജ്റാൾ.