ആശ്വാസ വാര്‍ത്ത, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്തുശതമാനം പേരുടെ രോഗം ഭേദമായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2020 05:00 PM  |  

Last Updated: 29th March 2020 06:37 PM  |   A+A-   |  

ചിത്രം: പിടിഐ

 

ന്യൂഡല്‍ഹി: രാജ്യം കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഒരു ആശ്വാസ വാര്‍ത്ത. കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്തുശതമാനം പേരുടെ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതായത് നിലവില്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിന്റെ പത്തുശതമാനം പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയെന്ന് സാരം.

നിലവില്‍ രാജ്യത്ത് 979പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 86 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അതായത് ഇവര്‍ രോഗമുക്തി നേടി. ഇതോടെ രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 867 ആണ്. ഇതിന്റെ പത്തുശതമാനം പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആണ്. കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതിന് ഇടയിലാണ് 86 പേര്‍ രോഗമുക്തി നേടി എന്ന വാര്‍ത്ത പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 200ലേക്ക് അടുക്കുകയാണ്.