ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നു ?; മൂന്നാം സ്റ്റേജില്‍ പ്രവേശിച്ചതായി വിദഗ്ധര്‍

ശനിയാഴ്ച രാജ്യത്ത് 180 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നു ?; മൂന്നാം സ്റ്റേജില്‍ പ്രവേശിച്ചതായി വിദഗ്ധര്‍

ന്യൂഡല്‍ഹി : ഇന്ത്യയെ ആശങ്കയിലാക്കി കോവിഡ് രോഗബാധ പടരുകയാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിനിടെ കൂടുതല്‍ ആശങ്കപ്പെടുത്തി കോവിഡ് രോഗബാധ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി വെളിപ്പെടുത്തല്‍. കൊറോണ വൈറസ് ബാധ മൂന്നാം സ്‌റ്റേജിലേക്ക് പ്രവേശിച്ചെന്നും, സാമൂഹിക വ്യാപന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നുമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. 

രാജ്യത്ത് കോവിഡ് സാമൂഹിക വ്യാപനത്തിന്റെ പ്രാരംഭ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിദേശയാത്ര ചെയ്യുകയോ, ഇത്തരക്കാരുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത ഏറ്റവും ചുരുങ്ങിയത്, മൂന്നുപേരുടെ രോഗബാധ ഇതാണ് സൂചിപ്പിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനയും, രോഗത്തിന്റെ സ്വഭാവവും സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞു എന്നത് വെളിപ്പെടുത്തുന്നുവെന്ന് പകര്‍ച്ചവ്യാധി രംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. വൈറസ് സാന്ദ്രത ഏറിയ പ്രദേശത്തുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സാമൂഹിക വ്യാപനം തടയാന്‍ കഴിയാത്ത ഘട്ടത്തിലേക്ക് എത്തിയെന്നാണ് സൂചനകളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശനിയാഴ്ച രാജ്യത്ത് 180 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞദിവസം ഐസിഎംആറിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എത്രപേര്‍ക്കാണ് ഇങ്ങനെ രോഗബാധ ഉണ്ടായതെന്ന് വ്യക്തമാക്കിയില്ല. നിലവില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ ഓര്‍മ്മക്കുറവ് ഇക്കാര്യത്തില്‍ വെല്ലുവിളിയാണെന്നാണ് ഇദ്ദേഹം സൂചിപ്പിച്ചത്. സാമൂഹിക വ്യാപനം കണ്ടെത്താന്‍ ശ്വാസകേശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ വരുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com