കോവിഡിനെതിരെ ജീവന്മരണ പോരാട്ടം; ലോക്ക്ഡൗണ്‍ അല്ലാതെ മറ്റു മാര്‍ഗമില്ല, ജനങ്ങളുടെ ദുരിതത്തിന് ക്ഷമ ചോദിച്ച് മോദി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2020 11:28 AM  |  

Last Updated: 29th March 2020 11:28 AM  |   A+A-   |  

 

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുളള കടുത്ത തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് അറിയാം. പ്രത്യേകിച്ച് ദരിദ്രജനവിഭാഗങ്ങള്‍ക്ക്. കോവിഡിനെതിരെയുളള പോരാട്ടം വിജയിക്കാന്‍ ഇത്തരത്തിലുളള കടുത്ത നടപടികള്‍ കൂടിയെ തീരൂ എന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ മോദി പറഞ്ഞു.

കോവിഡിനെതിരെയുളള പോരാട്ടം വളരെ പ്രയാസം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ കടുത്ത നടപടികള്‍ കൂടിയെ തീരൂ.ജനങ്ങള്‍ സുരക്ഷിതമായി ഇരിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. മനഃപൂര്‍വ്വം നിയന്ത്രണം ലംഘിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചിലര്‍ അത് ചെയ്യുന്നുണ്ട്. ലോക്ക്ഡൗണിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മോദി മുന്നറിയിപ്പ് നല്‍കി. കോവിഡ് എന്ന മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുളള നടപടികള്‍ക്ക് ഇത് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ ഇരുന്ന് അല്ലാതെ പുറത്തിറങ്ങിയും ചിലര്‍ കൊറോണ വൈറസ് വ്യാപനത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവരാണ് നമ്മുടെ മുന്‍നിര പോരാളികള്‍. നഴ്‌സുമാരായും ഡോക്ടര്‍മാരായും പാരാമെഡിക്കല്‍ ജീവനക്കാരായും കോവിഡിനെതിരെ പോരാടുന്ന സഹോദരി, സഹോദരന്മാരെ ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു.