ഓൺലൈനിൽ മദ്യം വാങ്ങാൻ ശ്രമിച്ചു ; അരലക്ഷം രൂപ നഷ്ടമായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2020 07:43 AM |
Last Updated: 30th March 2020 07:43 AM | A+A A- |
പ്രതീകാത്മക ചിത്രം
മുംബൈ: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകൾ പൂട്ടിയതോടെ ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് നഷ്ടമായത് അരലക്ഷം രൂപ. മുംബൈയ്ക്കടുത്ത് ഖാർഗറിൽ താമസിക്കുന്ന രാമചന്ദ്ര പാട്ടീലാണ്, ഓൺലൈൻ മദ്യം തിരഞ്ഞ് വൻ അമളി പറ്റിയത്.
മുംബൈയിലെ ആശുപത്രിയിൽ ലബോറട്ടറി അസിസ്റ്റന്റായി ജോലിനോക്കുകയാണ് രാമചന്ദ്ര പാട്ടീൽ. മദ്യം കിട്ടുമോ എന്ന് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് പാട്ടീൽ പറയുന്നു. മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ മദ്യം വീട്ടിലെത്തിച്ചു തരുമെന്ന് ഉറപ്പുലഭിച്ചു.
മദ്യത്തിന്റെ വിലയായ 1260 രൂപ ഓൺലൈനായി കൈമാറാൻ നിർദേശം ലഭിച്ചു. ബാങ്കിൽ നിന്നു ലഭിച്ച ഒ.ടി.പി. നമ്പർ മറുപുറത്തുള്ളയാൾക്ക് പാട്ടീൽ പറഞ്ഞുകൊടുക്കുകയുംചെയ്തു. അതോടെയാണ് 1260 രൂപയ്ക്കുപകരം അക്കൗണ്ടിൽനിന്ന് 51,000 രൂപ നഷ്ടമായതെന്ന് രാമചന്ദ്ര പാട്ടീൽ പറഞ്ഞു.