ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം, കല്ലേറ്; 93പേര്‍ അറസ്റ്റില്‍, 500പേര്‍ക്ക് എതിരെ എഫ്‌ഐആര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2020 12:26 PM  |  

Last Updated: 30th March 2020 12:26 PM  |   A+A-   |  

 

സൂറത്ത്: ലോക്ക്ഡൗണ്‍ ലംഘിച്ച് പൊലീസിനെ അക്രമിച്ചെന്ന കേസില്‍ ഗുജറാത്തില്‍ 93 കുടിയേറ്റ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 
സൂറത്തിലെ ഗണേഷ് നഗര്‍, തിരുപ്പതി നഗര്‍ പ്രദേശങ്ങളില്‍ നിന്ന് 500ഓളം കുടിയേറ്റ തൊഴിലാളികള്‍ ഞായറാഴ്ച രാത്രി തെരുവില്‍ സംഘടിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകാന്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിധി ചൗധരി പറഞ്ഞു. 

ഈ പ്രദേശത്ത് ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കുടിയേറ്റ തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. വീടുകകളില്‍ ഇരിക്കുന്നതിനെക്കുറിച്ച് ബോധവത്കരിക്കന്നതിനിടെ, ഇവര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തിരുന്നു. ചിലരെ ഞായറാഴ്ച രാത്രിയും മറ്റുള്ളവരെ തിങ്കളാഴ്ച രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. 

500പേര്‍ക്ക് എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചു, പൊലീസിനെ അക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകയാണ് ചുമത്തിയിരിക്കുന്നത്.