ഹോം ഡെലിവറിയിൽ മദ്യത്തിന് ഓർഡർ ചെയ്തു; തട്ടിപ്പ് മനസിലായില്ല; ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് പോയത് ഒരു ലക്ഷം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 04:48 PM  |  

Last Updated: 31st March 2020 04:48 PM  |   A+A-   |  

liquor

 

മുംബൈ: ലോക്ക്ഡൗണിനിടെ ഹോം ഡെലിവറിയായി മദ്യം വാങ്ങാന്‍ ശ്രമിച്ച 42കാരൻ തട്ടിപ്പിനിരയായി. ഭാര്യയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യം വാങ്ങാന്‍ ശ്രമിച്ച ഇയാള്‍ക്ക് ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലാണ് സംഭവം. 

ലോക്ക്ഡൗണ്‍ കാരണം മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാൽ ഇയാൾ ഓണ്‍ലൈന്‍ വഴി മദ്യം ലഭിക്കുമോ എന്ന്  ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ വൈന്‍ ഹോം ഡെലിവറി എന്ന പേരില്‍ ഒരു ഫോണ്‍ നമ്പർ ലഭിച്ചു. ഈ നമ്പറില്‍ വിളിച്ച് മൂവായിരം രൂപയ്ക്ക് മദ്യം ഓര്‍ഡര്‍ ചെയ്തു. 

തുടര്‍ന്ന് പണം അടയ്ക്കാനായി ഫോണിലേക്ക് വന്ന ഒടിപി കൈമാറണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. മൂവായിരത്തിന് പകരം തട്ടിപ്പുകാർ 30000 രൂപയാണ് ആദ്യം ഈടാക്കിയത്. 30000 രൂപ നഷ്ടമായത് കണ്ട് വീണ്ടും വിളിച്ചപ്പോള്‍ തെറ്റ് പറ്റിയതാണെന്നും പുതുതായി ലഭിക്കുന്ന ഒടിപി കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതിനു പിന്നാലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ പണം തട്ടിപ്പുകാര്‍ പിന്‍വലിക്കുകയായിരുന്നു. 

പിന്നീട് ഇതേ നമ്പറില്‍ വിളിച്ച് പരാതി പറഞ്ഞെങ്കിലും മദ്യം ലഭ്യമാക്കാനാകില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നഷ്ടമായ പണം തിരികെ നല്‍കാമെന്നും പറഞ്ഞു. പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെ ഇയാളും ഭാര്യയും പൊലീസിന് പരാതി നൽകുകയായിരുന്നു.