ആളുകളെ ഒഴിപ്പിക്കാന്‍ അനുമതി തേടി; പക്ഷേ അധികാരികള്‍ നിഷേധിച്ചു, മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നു; പ്രതികരണവുമായി മര്‍ക്കസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 03:44 PM  |  

Last Updated: 31st March 2020 03:44 PM  |   A+A-   |  

മതസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരെ ആശുപത്രികളിലേക്ക് മാറ്റുന്നു/ചിത്രം: പിടിഐ

 

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത 23പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സമ്മേളനം നടത്തിയ തബ്‌ലിഖ് ഇ ജമാഅത്ത് മര്‍ക്കസ് രംഗത്ത്. പരിപാടി നടത്താനായി അനുമതി വാങ്ങിയിരുന്നുവെന്നും പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ ആഹ്വാനം നടത്തിയപ്പോള്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം തേടിയിരുന്നുവെന്നും മര്‍ക്കസ് പറയുന്നു. മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും മര്‍ക്കസ് ആരോപിച്ചു. 

ആളുകളെ ഒഴിപ്പിക്കാനായി അനുമതി തേടി അധികാരികളെ സമീപിച്ചപ്പോള്‍ അവര്‍ വിസമ്മതിച്ചുവെന്നും മര്‍ക്കസ് ആരോപിച്ചു. 

മാര്‍ച്ച് 24ന് മര്‍ക്കസ് നടക്കുന്ന സ്ഥലം അടയ്ക്കണം എന്ന് കാണിച്ച് നിസാമുദ്ദീന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. അന്ന് തന്നെ ആളുകളെ ഒഴിപ്പിക്കാനായി തങ്ങള്‍ നടപടി സ്വീകരിച്ചുവെന്ന് മര്‍ക്കസ് അവകാശപ്പെടുന്നു. ആയിരംപേരെ മാറ്റിത്താമസിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ചു. 

വാഹനങ്ങള്‍ക്ക് പാസ് നല്‍കണം എന്നാവശ്യപ്പെട്ട് സബ് ഡിവിഷണല്‍ മജിസിട്രേറ്റിന് അപേക്ഷ നല്‍കിയിരുന്നു. ഇപ്പോഴും ആ അപേക്ഷയിന്‍മേലുള്ള അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. 

26ന് സബ് ഡിവിഷണല്‍ മജിസിസ്‌ട്രേറ്റ് മര്‍ക്കസില്‍ എത്തി ചര്‍ച്ച നടത്തി. മാര്‍ച്ച് 27ന് ആറുപേരെ പരിശോധനയ്ക്ക് കൊണ്ടുപോയി. മാര്‍ച്ച് 28ന് എസ്ഡിഎം വീണ്ടും മര്‍ക്കസ് സന്ദര്‍ശിച്ച് 33 പേരെ പരിശോധനയ്ക്ക് കൊണ്ടുപോയി. 

എന്നാല്‍ തങ്ങളെ ഞെട്ടിച്ചുകൊണ്ട് ലജ്പത് നഗര്‍ എസിപി, നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് നോട്ടീസ് അയച്ചു. ഇതിനും കൃത്യമായ മറപടി നല്‍കിയിരുന്നുവെന്നും മര്‍ക്കസ് പറയുന്നു.