തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയും; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 60 ശതമാനം വരെ വെട്ടിച്ചുരുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 02:42 PM  |  

Last Updated: 31st March 2020 02:42 PM  |   A+A-   |  

74708416

 

മുംബൈ: തെലങ്കാനയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്രയും. മുഖ്യമന്ത്രിയുടെത് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തിലെ ശമ്പളത്തില്‍ നിന്ന് അറുപത് ശതമാനം വെട്ടിക്കുറക്കാന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചു. 

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും മറ്റ് യൂണിയന്‍ നേതാക്കളുമായും കൂടിയാലോലിചിച്ച ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ പറഞ്ഞു. 

മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എ, എംഎല്‍സിമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാര്‍ച്ച് മാസത്തെ ശമ്പളം അറുപത് ശതമാനം വെട്ടിക്കുറക്കും. 

ക്ലാസ് 1, ക്ലാസ് 2 ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറക്കും. ക്ലാസ് 3 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 ശതമാനം കട്ട് ചെയ്യും. 

നേരത്തെ, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചാണ് ശമ്പളം വെട്ടിച്ചുരുക്കുന്നത്. മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍എസിമാര്‍, കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75ശതമാനം വെട്ടിച്ചുരുക്കും.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60ശതമാനം വെട്ടിച്ചുരുക്കും. മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനം വെട്ടിച്ചുരുക്കി.

ക്ലാസ് 4, ഔട്ട്‌സോഴ്‌സ്, കോണ്‍ട്രാക്ട് ജീവനക്കാരുടെ പത്ത് ശതമാനം ശമ്പളം പിടിക്കും. മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അമ്പത് ശതമാനം പെന്‍ഷനും വെട്ടിച്ചുരുക്കും. വിരമിച്ച ക്ലാസ് ഫോര്‍ ജീവനക്കാരുടെ 10 ശതമാനം പെന്‍ഷന്‍ വെട്ടിച്ചുരുക്കി.

സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വെട്ടിച്ചുരുക്കാന്‍ തീരുമാനമായിട്ടുണ്ട്. എത്രമാസത്തേക്കാണ് ശമ്പളം വെട്ടിച്ചുരുക്കുക എന്നതിനെപ്പറ്റി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.